തിരുവനന്തപുരം :വികസന കുത്തിപ്പിന് തുടക്കം കുറിച്ച് തലസ്ഥാനം. വിഴിഞ്ഞം തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഒരുങ്ങുന്നു.മുന്നോടിയായി വെള്ളിയാഴ്ച മദർ ഷിപ്പ് തുറമുഖത്ത് എത്തും.മദർഷിപ്പിന് വൻസ്വീകരണം നല്‍കാനാണ് സർക്കാർ തീരുമാനം.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ചരക്കുകപ്പല്‍ വിഴിഞ്ഞത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതിന്റെ ആദ്യപടിയായാണ് മദർഷിപ്പ് തുറമുഖത്ത് എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാർ, എന്നിവരടക്കം നിരവധി പേർ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കും. ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂർത്തിയായി.
ചരക്കുനീക്കത്തിന്റെ തുടക്കത്തില്‍ മദർഷിപ്പില്‍ നിന്ന് ചെറിയ കണ്ടെയ്‌നർ ഷിപ്പുകളിലേക്ക് മാറ്റി ചരക്ക് തുറമുഖത്തില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. തിരിച്ചും സമാനമായ രീതിയില്‍ ചരക്കുനീക്കം നടത്താനാണ് തീരുമാനം. മദർഷിപ്പ് എത്തുന്നതിന് പിന്നാലെ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തും.
2015 ഡിസംബറില്‍ തറക്കല്ലിട്ട വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പലവിധ പ്രതിസന്ധികള്‍ മറികടന്നാണ് യാഥാർത്ഥ്യമാകുന്നത്. ഡിസംബറോടെ തുറമുഖം കമ്മിഷൻ ചെയ്യാനാകുമെന്നാണ് അദാനി പോർട് അധികൃതരുടെ പ്രതീക്ഷ .