വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രവും, സമരപോരാട്ട ങ്ങളെയും കുറിച്ചുള്ള ഓർമ്മപെടുത്തൽ…. “മുല്ലൂരിന്റെ സമര വിജഗാഥ,” മുല്ലൂർ സമരനായകൻ വെങ്ങാന്നൂർ ഗോപകുമാർ എഴുതിയ ലേഖനം..1 min read

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോഡി മെയ്‌ 2 നു ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ ഈ തുറമുഖം യാഥാർത്ഥ്യമാകുവാൻ വേണ്ടി യത്നിച്ചവരെയെല്ലാം സ്മരിക്കുന്നതിനോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖം നേരിട്ട് ഏറ്റവും വലിയ പ്രതിസന്ധി കാണാതെയും, പരാമർശിക്കാതെയും പോകുന്നതും ഉചിതമല്ല.

യഥാർത്ഥത്തിൽ വിഴിഞ്ഞം തുറമുഖം എന്നു പറയുന്നത് മുല്ലൂർ എന്നു പറയുന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. കരമാർഗം ആണെങ്കിൽ വിഴിഞ്ഞം എന്ന സങ്കൽപ്പിക്കപ്പെടുന്ന പൊതുവായ സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെ മാറിയാണ് ഈ മുല്ലൂർ എന്നു പറയുന്ന ഗ്രാമം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാകയാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൈവിട്ട തീരം, എന്നാൽ ഈ പാറക്കെട്ടുകളിലെ സമൃദ്ധമായ ചിപ്പി മുങ്ങി എടുത്തു കൊണ്ടിരുന്ന ഒരു ജനവിഭാഗം, അതായിരുന്നു മുല്ലൂർ എന്ന ഈ ഗ്രാമം. തീരത്തോട് ചേർന്ന് കടലിന്റെ സ്വാഭാവികമായ 20 മീറ്റർ ആഴം, ഈ പ്രദേശത്തെ ഒരു ഒന്നാന്തരം തുറ മുഖത്തിന്റെ എല്ലാ സാധ്യതകളും തുറന്നു തന്നിരുന്നു. ഈ തുറമുഖത്തിന്റെ ആദ്യത്തെ സാധ്യത പഠനം സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ 1937ൽ തിരുവിതാംകൂർ ദിവാനായിരുന്നു സർ സി പി രാമസ്വാമികളുടെ കാലത്ത് തന്നെ തുടങ്ങിയിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു.

കാലങ്ങളായുള്ള മുറവിളിയുടെ പരിണിതഫലമായി ശ്രീ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു വൻ ജനകീയ മുന്നേറ്റത്തിന്റെ ഫലമായിട്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങുവാനായി ഉമ്മൻചാണ്ടി സർക്കാർ മുൻകൈയെടുക്കുന്നത്. ആ വൻ ജനകീയ മുന്നേറ്റത്തിന് നേതൃത്വം പിന്തുണയും കൊടുത്ത രണ്ട് പേരെ ഇവിടെ എടുത്തു പറയേണ്ടതായി ഉണ്ട്. ഒന്ന് അന്ന് തിരുവനന്തപുരം ലത്തീൻ കത്തോലിക്ക ആർച്ച ബിഷപ്പ് ആയിരുന്നു ശ്രീ സൂസ പാക്യം, മറ്റൊന്ന് ശ്രീ സുരേഷ് ഗോപി എന്നിവരായിരുന്നു. ഈ തുറമുഖത്തിന്റെ സാധ്യതകളെ അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തതാകട്ടെ പത്രപ്രവർത്തകനായിരുന്നു ശ്രീ ഏലിയാസ് ജോണും ആയിരുന്നു.
അതിനുമുമ്പ് തന്നെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാധ്യതകൾ മനസ്സിലാക്കി അതിന്റെ തുടക്കം കുറിച്ചത് കരുണാകരൻ മന്ത്രിസഭയിലെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എം വി രാഘവനായിരുന്നു.
2014 നരേന്ദ്രമോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഉമ്മൻചാണ്ടി സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ഗവൺമെന്റ് നൽകി. അങ്ങനെയാണ് തുറമുഖം ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരാതിരുന്ന ഒരു കാലഘട്ടത്തിൽ അദാനി ഗ്രൂപ്പ് മുന്നോട്ടുവരികയും തുറമുഖത്തിന്റെ ചുമതല അവരെ ഏൽപ്പിക്കുകയും ചെയ്തത്.
തുറമുഖത്തിന്റെ നിർമ്മാണ ഘട്ടത്തിൽ പലവിധ പ്രതിസന്ധികളും നേരിട്ടിരുന്നു. നിർമ്മാണ സാമഗ്രികൾ കിട്ടാതിരുന്നത് തുടങ്ങി, നിർമ്മാണം പകുതി വഴിയിൽ എത്തി നിൽക്കുമ്പോൾ ഓഖി കൊടുങ്കാറ്റിൽ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പകുതിയോളം ഒലിച്ചു പോയതും ഒക്കെയും അതിൽ ചിലത് മാത്രമായിരുന്നു. .

ഇതിനിടയിലാണ് 2022 ഓഗസ്റ്റിൽ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിക്കൊണ്ട് ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ തുറമുഖ നിർമ്മാണത്തിനെതിരെ ഉപരോധ സമരം തുടങ്ങിയത്. ഓഖി കൊടുങ്കാറ്റിൽ
കിടപ്പാടവും ഉപജീവനവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ വലിയതുറയിലെ സിമന്റ് ഗോഡൗണിൽ നരകയാതന അനുഭവിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മത്സ്യത്തൊഴിലാളികൾ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ മുല്ലൂരിലുള്ള തുറമുഖ കവാടത്തിനു മുന്നിൽ ഉപരോധ സമരം ആരംഭിച്ചത്.
ഓഗസ്റ്റ് 15 ഓടുകൂടിയ ആരംഭിച്ച സമരം നാളുകൾ ചെല്ലുംതോറും കൊടുമ്പിരി കൊണ്ടുകൊണ്ടിരുന്നു. ഡൽഹിയിലെ ഷഹീൻ ബാഗിൽ സിഎഎ വിരുദ്ധ സമരത്തിന് സമാനമായി സംഘടിതമായ രീതിയിൽ ആയിരുന്നു ഈ ഉപരോധ സമരവും അരങ്ങേറിയത്. ഓരോ ദിവസവും ചെല്ലുംതോറും ദൂരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെ വാഹനങ്ങളിൽ രാവിലെ അവിടേക്ക് കൊണ്ടുവന്ന് വൈകുന്നേരം വരെ സമരം ചെയ്യിച്ചിട്ട് തിരികെ കൊണ്ടുപോകുന്ന ഒരു പ്രവർത്തന രീതിയായിരുന്നു അത്. ചുരുക്കത്തിൽ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം ഓരോ ദിവസവും ഓരോ തുറക്കാരുടെ നേതൃത്വത്തിൽ ആയി മാറി. സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് ഇതിനുള്ള വിഭവശേഷി ഇല്ല എന്നുള്ളത് വ്യക്തമായിരുന്നു. അപ്പോൾ പിന്നെ ആരാണ് ഇത് സ്പോൺസർ ചെയ്യിക്കുന്നത് എന്നുള്ളതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു. സമരം നിയന്ത്രിക്കുന്നത് ചില എൻ ജി ഒ മാരായിരുന്നു എന്നുള്ളത് വ്യക്തമായി. അതിൽ ഒരു എൻ ജി ഒ യ്ക്ക് 12 കോടിയോളം രൂപ വിദേശത്തുനിന്ന് സംഭാവനയായി ലഭിച്ചതിന്റെ കഥകൾ പുറത്തുവന്നു.

നിഷ്കളങ്കരും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരുമായ മത്സ്യത്തൊഴിലാളിയെ മുന്നിൽ നിർത്തി സമരം ചെയ്യുന്നതാണെന്നുള്ളത് വ്യക്തമായി. തൂത്തുക്കുടിയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ സ്ട്രലൈറ്റ് (Sterlite Copper Smelting) യൂണിറ്റിനെതിരെ അവിടുത്തെ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരവും, തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവ നിലയത്തിനെതിരെയും അവിടുത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് സമാനമായിരുന്നു ഈ സമരവും. തെക്കൻ തമിഴ്നാട്ടിലെ ഇടവകകളിൽ നിന്നും ആളുകൾ വിദഗ്ധ ഉപദേശത്തിന് ഇവിടെ എത്തിയതും സമരത്തിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ചുള്ള സംശയം വർദ്ധിപ്പിച്ചു.

പ്രമുഖ രാഷ്ട്രീയപാർട്ടികൾ, പ്രത്യേകിച്ച് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സമരക്കാരെ പിന്തുണയ്ക്കുന്ന നയം സാധാരണക്കാരായ പ്രദേശവാസികളെ അമ്പരിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു ചെയ്തു. പ്രാദേശിക എംഎൽഎ സമരപ്പന്തലിലെ നിത്യ സന്ദർശകനും സമരക്കാർക്ക് വേണ്ട എല്ലാ ഒത്താശകളും സൗകര്യങ്ങളും ചെയ്യുന്നതിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

നേരത്തെ ഇതേ എംഎൽഎ തന്നെ അദാനി പോർട്സിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് കിട്ടിയ വിഭവങ്ങളായ ലാപ്ടോപ്പും സൈക്കിളുകളും എല്ലാം അയാളുടെ ഇഷ്ടക്കാർക്ക് മാത്രം കൊടുത്ത്ത് പ്രദേശവാസികളായ നാട്ടുകാരെ അവഗണിച്ചത് പ്രദേശവാസികളായ നാട്ടുകാർക്ക് വലിയ അതൃപ്തി ഉളവാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് മുല്ലു ർ പ്രദേശവാസികളായ നാട്ടുകാർ കക്ഷിരാഷ്ട്രീയ ജാതി മതഭേദമെന്യേ തുറമുഖത്തിനെതിരെ നടക്കുന്ന ഈ സമരത്തിനെതിരെ രംഗത്തുവരുന്നത്. ഇവരെ സംഘടിപ്പിക്കുവാനോ ഇവർക്ക് പിന്തുണ നൽകുവാനും മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ മുന്നോട്ടു വന്നില്ല എന്നുള്ളത് വളരെ ആശ്ചര്യമുളവാക്കിയിരുന്നു.

20122, ഓഗസ്റ്റ് 24ന് മുല്ലൂർ എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന കൂടിയാലോചന യോഗത്തിൽ മാത്രം ആയിരത്തിന്മേൽ പ്രദേശവാസികൾ യാതൊരുവിധമായ അറിയിപ്പും കൂടാതെ എത്തി എന്നുള്ളത് തന്നെ അവരുടെ ഉള്ളിലെ അസംതൃപ്തിയുടെയും പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു.

പ്രദേശവാസികളായ എല്ലാ സമുദായ സംഘടനകളുടെയും പിന്തുണ ആദ്യദിവസം തന്നെ ആർജിക്കുവാൻ ഈ സമരക്കാർക്ക് കഴിഞ്ഞിരുന്നു.
വെങ്ങാനൂർ ഗോപകുമാർ ജനറൽ കൺവീനറായും, മുക്കോല സന്തോഷ്, അംബിഷൻ, മോഹനചന്ദ്രൻ നായർ, അജിത് കുമാർ,adv മോഹൻകുമാർ തുടങ്ങിവർ അംഗങ്ങളയുള്ള ഒരു കമ്മിറ്റി രൂപവൽകരിച്ചു പ്രതിസമരം തുടങ്ങുവാൻ തീരുമാനിച്ചു.

തുടുർന്നു ഓഗസ്റ്റ് 28 നു മുക്കോല ജംഗ്ഷനിൽ കൂടിയ പൊതുയോഗം നിർണായകമായി. നുറു കണക്കിന് ആൾക്കാർ കനത്ത മഴയെ അവഗണിച്ചുകൊണ്ട് പങ്കെടുത്ത ആ യോഗം വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുവാനുള്ള അന്താരാഷ്ട്ര ഗൂഡാലോചന
പുറത്തു കൊണ്ടുവരുവാനും അതിനെതിരെ പ്രദേശവാസികളെ അണി നിരത്തി തുറമുഖ വിരുദ്ധ സമരത്തെ എതിർക്കുവാനും തീരുമാനിച്ചു.
പ്രദേശവാസികളായ പ്രതിസമരക്കാർക്ക് അതിരൂക്ഷമായ എതിർപ്പാണ് നേരിടേണ്ടി വന്നത്. ഒരു വശത്തു കോൺഗ്രസ് ഒരു വശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി, ഇതിനോടൊപ്പം തന്നെ പോലീസിന്റെ ക്രൂരമായ പെരുമാറ്റവും. പ്രദേശവാസികളായ പ്രതിസമരക്കാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം നിരവധി കേസുകൾ എടുത്തു.

എല്ലാ ദിവസവും രാവിലെ തുറമുഖ വിരുദ്ധ സമരപ്പന്തലിലേക്ക് ദൂരെ പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിൽ ആളിനെ എത്തിക്കുന്നതും അവർക്ക് സുഭിക്ഷമായ ആഹാരവും മറ്റു സൗകര്യങ്ങളും ഒക്കെ കൊടുക്കുന്നത് ആശ്ചര്യമുളവാക്കി. ഡൽഹി ആസ്ഥാനമായിട്ടുള്ള ചില എൻജിഒ മാരാണ് ഈ സമരം നിയന്ത്രിക്കുന്നതും, ഈ സമരത്തിന് വേണ്ട ഒത്താശ ചെയ്യുന്നത് കൊടുക്കുന്നതും നല്ല സഹായം നൽകുന്നതും എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്.

എന്നാൽ പട്ടിണിപ്പാവങ്ങളും ദിവസക്കൂലിക്കാരായ സാധാരണ മനുഷ്യരുടെ നിശ്ചയ ദാർഡ്യത്തിനു മുന്നിൽ തുറമുഖ വിരുദ്ധസമരക്കാർ പതിയെ മുട്ടുമടക്കുന്ന കാഴ്ചയാണ് പിന്നെ കാണുവാൻ കഴിഞ്ഞത്.
2022 നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിവസം മുല്ലൂർ പ്രദേശവാസികൾ സെക്രട്ടറിയിറ്റിലേക്ക് നടത്തിയ മാർച്ച് വഴിത്തിരിവായി.

നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ 28 കിലോമീറ്റർ നടന്നു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുവാൻ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ ആരും തന്നെ ആദ്യം തയ്യാറായില്ല.
എന്നാൽ എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ സംഗീത് കുമാർ ഉദ്ഘാടനം ചെയ്ത മാർച്ചിൽ ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷും, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പങ്കെടുത്തു.

അപ്പോഴും കോൺഗ്രസിന്റെ പ്രതിനിധികൾ വിട്ടുനിൽക്കുകയും പ്രാദേശിക എംഎൽഎ മുങ്ങുകയും ചെയ്തു.
പ്രദേശവാസികളുടെ ഈ ലോങ്ങ് മാർച്ച് ഗവൺമെന്റിന്റെയും രാഷ്ട്രീയപാർട്ടികളുടെയും പൊതുസമൂഹത്തിന്റെയും കണ്ണുതുറപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം നഷ്ടപ്പെട്ടാൽ അത് കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് മൊത്തത്തിൽ ഒരു നഷ്ടമാണെന്നുള്ള തിരിച്ചറിവ് പൊതു സമൂഹത്തിനുണ്ടായി.

ജനം ടിവിയും, ജന്മഭൂമി കേരളകൗമുദി ദിനപത്രവും മാത്രമാണ് തുറമുഖ വിരുദ്ധ സമരത്തെ തുറന്നു എതിർത്തതും പ്രദേശവാസികളുടെ പ്രതിസമരത്തെ പിന്തുണച്ചതും എന്ന് എടുത്തു പറയേണ്ടതായിട്ടുള്ള ഒരു കാര്യം.
അദാനി ഗ്രൂപ്പിനെതിരെ നടന്ന ഒരു ആഗോള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ തുറമുഖ വിരുദ്ധ സമരം.
ഈ സമരത്തിന് ശേഷം ആയിരുന്നു അദാനി ഗ്രൂപ്പിനെതിരെയുള്ള
ഹിന്റ്ൺബർഗ റിപ്പോർട്ട് വന്നതും. മാധ്യമങ്ങൾ പ്രത്യേകിച്ച് മലയാള മാധ്യമങ്ങൾ അദാനി ഗ്രൂപ്പിനെതിരുവാനുള്ള ഒരു കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത് അദാനി ഗ്രൂപ്പ് ഡൽഹി ആസ്ഥാനമായുള്ള എൻ ഡി ടി വി ടി വി ശൃംഗല ഏറ്റെടുത്തതോടുകൂടിയാണ്.

ഏതായാലും ഒരു കാര്യം സുവ്യ ക്തമായിരുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടന്ന സമരം നിയന്ത്രിക്കപ്പെട്ടിരുന്നത് ഡൽഹിയിലെ എൻജിഒ മാരാൽ ആയിരുന്നു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെയുള്ള
മുല്ലുർ നിവാസികളുടെ പ്രതിസമരവും, പൊതുസമൂഹം പ്രതിസമരത്തിനു നൽകുന്ന പിന്തുണയും തുറമുഖ വിരുദ്ധ സമരക്കാരെയും അവരുടെ പിന്തുണക്കാരെയും അമ്പരപ്പിച്ചു എന്ന് വേണം കരുതുവാൻ. പൊതുസമൂഹത്തിന്റെ നിലപാട് മനസ്സിലാക്കി തുറമുഖ വിരുദ്ധ സമരത്തെ പിന്തുണച്ചിരുന്ന മാധ്യമങ്ങളും മലക്കം മറിഞ്ഞതോടുകൂടി സമരക്കാർ അക്രമത്തിന്റെ മാർഗത്തിലേക്ക് നീങ്ങുകയും ഡിസംബർ രണ്ടാം തീയതി വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും, മുല്ലൂർ പ്രദേശമാകെ കലാപം അഴിച്ചുവിടുകയും ചെയ്തു.

തുടർന്ന് ഹിന്ദു ഐക്യ വേദി മുല്ലുർ പ്രദേശത്തേക്ക് മാർച്ച് ചെയ്യുകയും മുല്ലൂർ പ്രദേശവാസികളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടുകൂടി പ്രദേശമാകെ സ്ഫോടനാത്മകമായ ഒരു ഒരു സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു.

കലാപകാരികൾ വ്യാപകമായ അക്രമം അഴിച്ചുവിടുകയും പ്രദേശവാസികളായ നിരവധി ആൾക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും വീടുകൾ അടിച്ചു തകർക്കുകയും ചെയ്തു.

അപ്പോഴാണ് ഭരണകൂടം ഉണർതതും കലാപകാരികൾക്ക് നേരെ തിരിഞ്ഞതും. അതോടുകൂടി തുറമുഖ വിരുദ്ധ സമരം മതിയാക്കി അവർ അവിടുന്ന് പോവുകയും ചെയ്തു.
അതിൽ നിന്ന് ഒന്ന് വ്യക്തമാണ്, തുറമുഖ വിരുദ്ധ സമരത്തിന് ഗവൺമെന്റും രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ പിന്തുണ കൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതിരുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ന് യാഥാർത്ഥ്യമായെങ്കിൽ അതിന് വലിയ ഒരു അളവ് വരെ മുല്ലുർ പ്രദേശത്തെ സാധാരണ ജനങ്ങളുടെ സഹന സമരവും ത്യാഗവു മാണ് കാരണം.

വഴിയോരത്ത് പച്ചക്കറി കച്ചവടവം നടത്തി ഉച്ചയ്ക്ക് മുല്ലൂരിലെ കൊച്ചു സമരപ്പന്തലിൽ വന്ന് 50 രൂപ സംഭാവന നൽകുന്ന പട്ടിണി പാവങ്ങൾ, അവർക്ക് നാടിനോടും നാടിന്റെ വികസനത്തിനോടുമുള്ള പ്രതിബദ്ധത അതാണ് ഇവിടെ എടുത്തു പറയേണ്ടതായിട്ടുള്ള ഒരു വസ്തുത. വിഴിഞ്ഞം പദ്ധതി കൊണ്ട് ഈ പറയുന്ന സാധാരണക്കാരായ പട്ടിണി പാവങ്ങൾക്ക് പ്രത്യക്ഷമായി ഒരു നേട്ടവും ഇല്ലായിരിക്കാം, പക്ഷേ അവരുടെ ഒരു നിശ്ചയദാർഢ്യവും, ത്യാഗമാണ് ഈ പദ്ധതി യാഥാർത്ഥ്യമായപ്പോൾ വെളിച്ചത്തു വരുന്നത്.

(ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്സ് & ഇൻഡസ്ടറിയുടെ പ്രതിനിധിയായി മുല്ലൂർ പ്രദേശവാസികളുടെ പ്രതിസമര കമ്മിറ്റിയുടെ ചെയർമാനായി വർത്തിച്ച ആളാണ് ലേഖകൻ. )

Leave a Reply

Your email address will not be published. Required fields are marked *