വയനാട് :കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ രാധ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു.മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയാണ് രാധ. ഞെട്ടലോടെയാണ് വാർത്ത കേട്ടത് എന്നാണ് മിന്നുമണി പ്രതികരിച്ചത്.
ഇന്ന് രാവിലെയാണ് രാധയെ കടുവ ആക്രമിച്ചത്. കടുവയുടെ പിടിയിൽ അകപ്പെട്ട രാധയുമായി ഏകദേശം 60മീറ്റർ കടുവ സഞ്ചരിച്ചു.വലിച്ചിഴച്ചു കൊണ്ടുപോയ രാധയെ പകുതി തിന്ന ശേഷം ഉപേക്ഷിച്ച നിലയിലായിരുന്നു.
മന്ത്രി ഒ.ആർ. കേളു സംഭവ സ്ഥലത്ത് എത്തിയപ്പോൾ മന്ത്രിക്കെതിരെയും ജനരോഷമുയർന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയർത്തിയത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേർന്നു തണ്ടർബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്.
ഇതോടെയാണ് നാട്ടുകാർ വലിയ തോതില്‍ പ്രതിഷേധിച്ചത്. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രിക്കെതിരെയും ജനരോഷമുയർന്നു. കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങളില്‍ തീരുമാനമാകാതെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് വിട്ടുനല്‍കാൻ സാധിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രിയദർശനി എസ്റ്റേറ്റിലാണ് ഇപ്പോള്‍ മൃതദേഹം. അതേസമയം കടുവയെ വെടിവെയ്ക്കാൻ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.