തെളിച്ചമില്ലാത്ത ഓര്‍മ്മയുമായി ഒരുകാലത്ത് മലയാളസിനിമയിലെ നിറസാന്നദ്ധ്യമായിരുന്ന ടിപി മാധവൻ. താരങ്ങളെയോ താരത്തിളക്കമോ അദ്ദേഹത്തിന് ഇപ്പോൾ ഓര്‍മ്മയില്ല.
അറുനൂറോളം സിനിമകളില്‍ അഭിനയിച്ച ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറി ഓര്‍മ്മകള്‍ നഷ്‌ടപ്പെട്ട് ഇപ്പോള്‍ പത്തനാപുരത്തെ ഗാന്ധിഭവനില്‍ കഴിയുകയാണ്.
ഓണത്തിന് ഗാന്ധിഭവൻ പങ്കുവെച്ച വിഡിയോയില്‍ പുതുവസ്ത്രം ധരിച്ച് ചാരുകസേരയില്‍ ഇരുക്കുന്ന അദ്ദേഹം പഴയകാലം ഓര്‍ത്തെടുക്കാൻ ബുദ്ധിമുട്ടുകയാണ്. എട്ട് വര്‍ഷമായി ടിപി മാധവൻ ഗാന്ധിഭവനിലെ അന്തേവാസിയാണ്. അവസാനകാലം വരെ അദ്ദേത്തെ ഗാന്ധിഭവൻ സംരക്ഷിക്കുമെന്ന് തന്നെയാണ് ഗാന്ധിഭവൻ വൈസ് ചെയര്‍മാൻ അമല്‍ രാജ് പറഞ്ഞു.
‘എന്നെ കാണാൻ ആര് വരാനാണ്, ഇന്നലെ അച്ഛൻ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണം വളരെ ഗംഭീരമായിരുന്നു- ടിപി മാധവൻ പറഞ്ഞു.
ഗാന്ധിഭവനിലെ പ്രധാന ഓഫിസിന് മുകളിലുള്ള മുറിയാണ് അദ്ദേഹം താമസിക്കുന്നത്. മുറിയിലെ അലമാരിയില്‍ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളെല്ലാം അടുക്കി വെച്ചിട്ടുണ്ട്. ഗാന്ധിഭവനില്‍ എത്തിയതിന് ശേഷമാണ് പ്രേം നസീര്‍ പുരസ്‌കാരവും രാമു കാര്യാട്ട് പുരസ്കാരവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായത്.
ഹരിദ്വാറില്‍ തീര്‍ഥാടനത്തിന് പോയ അദ്ദേഹം അവിടെവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോള്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമമ്പോഴാണ് സീരിയല്‍ സംവിധായകൻ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഗാന്ധിഭവനില്‍ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.
സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈയിലും കൊല്‍ക്കത്തയിലും മറ്റും പരസ്യ ഏജൻസികള്‍ നടത്തിയിരുന്നു. നാല്‍പതാമത്തെ വയസ്സിലാണ് സിനിമയില്‍ എത്തുന്നത്. മധു സംവിധാനം ചെയ്ത ‘പ്രിയ’ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി 10 വര്‍ഷം പ്രവര്‍ത്തിച്ചു. കുടുംബാംഗങ്ങളും അദ്ദേഹത്തെ തേടി ഇവിടെ വന്നിട്ടില്ല. അദ്ദേഹത്തിന്റെ മകൻ ഗാന്ധിഭവനില്‍ വന്നിരുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നും അമല്‍ രാജ് പറഞ്ഞു.
‘എട്ടുവര്‍ഷത്തിനിടെ അദ്ദേഹത്തെ കാണാൻ ചലച്ചിത്ര മേഖലയില്‍ നിന്ന് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് എത്തിയത്. പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ കെബി ഗണേഷ്‌കുമാര്‍ ഇടക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. നടൻ സുരേഷ് ഗോപി അദ്ദേഹത്തെ വന്നു കണ്ടു സഹായങ്ങള്‍ ചെയ്തവരിൽ പ്രമുഖരാണ്. നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും, ജയരാജ് വാര്യര്‍, മധുപാല്‍ തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാൻ എത്തിയിട്ടുള്ളത്. ഒരുപാട് സഹപ്രവര്‍ത്തകരെ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആ ആഗ്രഹങ്ങളെല്ലാം നശിച്ച് ഓര്‍മയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. ഈ ഓണക്കാലത്തെങ്കിലും അദ്ദേഹത്തെ തേടി ഒരു ഫോണ്‍ കോള്‍ എങ്കിലും എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു’- അമല്‍ രാജ് പറഞ്ഞു നിർത്തി.