31/5/23
കൊല്ലവർഷം 1092 വൃശ്ചികം 19 ന് കോട്ടയത്ത് കള്ളിക്കാട്ടുപറമ്പിൽ നാരായണി അമ്മ- നാരായണപ്പണിക്കർ ദമ്പതിമാരുടെ പുത്രിയായി ജനിച്ചു.1939-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.യും 1942-ൽ കൽക്കട്ടാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എൽ പരീക്ഷയും ജയിച്ചു.1942. ൽ ഇൻഡ്യാ ഗവൺമെൻ്റിൻ്റെ ഫിനാൻഷ്യൽ അഡ്വൈസറുടെ ഓഫീസിൽ അസിസ്റ്റൻ്റായി ജോലിയിൽ പ്രവേശിച്ചു.കൽക്കട്ടയിൽ വർഗ്ഗീയ ലഹള നിമിത്തം 1946-ൽ ഉദ്യോഗം രാജിവച്ചു നാട്ടിലെത്തി.1947-ൽ തിരുവിതാംകൂർ ഹൈക്കോടതിയിലും കോട്ടയം ,ആലപ്പുഴ ഡിസ്ട്രിക്റ്റ് കോടതിയിലും വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.1948-ൽ കോട്ടയം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തിരുവിതാംകൂർ അസംബ്ളിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1949 മുതൽ 1952 വരെ തിരു-കൊച്ചി നിയമസഭയിൽ അംഗം.1948 മുതൽ 1951 വരെ എസ്.എൻ.ഡി.പി.യോഗം ഡയറക്ടറും കൗൺസിലറും ആയിരുന്നു. കേരള ഗാന്ധി ശ്രീ കേളപ്പജിയുടെ നേതൃത്വത്തിൽ കേരള ഗാന്ധി സ്മാരക നിധി രൂപീകരിച്ചപ്പോൾ പ്രഥമ ഭരണ സമിതി അംഗം,1957-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തു. 1962 മുതൽ 1968 വരെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.1971-ൽ ഭാഷാ ന്യൂനപക്ഷ കമ്മീഷൻ മെമ്പറായി ഇൻഡ്യാ ഗവൺമെൻ്റ് നിയമിച്ചു.ശ്രീ നാരായണ ഗുരുസ്വാമിയുടെ ചിത്രമുള്ള പോസ്റ്റൽ സ്റ്റാമ്പ് ഇറക്കുന്നതിനായി ശ്രമിച്ചു.സ്റ്റാമ്പിൻ്റെ വിതരണ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയായിരുന്നു. 1973- മേയ് 31 -ാം തീയതി ഭാഷാ ന്യൂനപക്ഷ കമ്മീഷൻ്റെ മീറ്റിംഗിൽ സംബന്ധിക്കുന്നതിനായി ഡൽഹിക്കു യാത്ര തിരിച്ചു. യാത്രാമധ്യേ വിമാനം തകർന്ന് യാത്രക്കാർ മരിച്ചു.അതിൽ ദേവകീ ഗോപിദാസും ഉണ്ടായിരുന്നു. ആ മഹതിയുടെ ജീവിതം അങ്ങനെ അവസാനിച്ചു.കൽക്കട്ടാ പോസ്റ്റ് ആൻഡ് ടെലഗ്രാഫ് ഡിപ്പാർട്ട്മെൻ്റിൽ ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയുമായ ഏ.ഗോപി ദാസ് ഭർത്താവ്, 5 മക്കൾ.