അനന്തപുരിയുടെ നവരാത്രി പൂജ ; ഘോഷയാത്രയ്‌ക്ക് ഒരുങ്ങി പദ്മനാഭപുരം1 min read

നാഗര്‍കോവില്‍: അക്ഷരപൂജയ്‌ക്കായി അനന്തപുരിയിലേക്കുള്ള നവരാത്രി ഘോഷയാത്രയ്‌ക്ക് വ്യാഴാഴ്ച പദ്മനാഭപുരത്ത് നിന്ന്  ആരംഭം കുറിയ്‌ക്കും.

കൊട്ടാരത്തില്‍ നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഉടവാള്‍ കൈമാറ്റ ചടങ്ങിനും വിഗ്രഹങ്ങളുടെ യാത്രയയപ്പ് ചടങ്ങിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 10 മണിക്ക് ശുചീന്ദ്രത്ത് നിന്നും ഘോഷയാത്രയില്‍ പങ്കെടുക്കുന്ന മുന്നൂറ്റിനങ്ക ദേവി പദ്മനാഭപുരത്തേക്ക് പുറപ്പെടും. ഞായറാഴ്ച രാവിലെ വേളിമല കുമാരകോവിലില്‍ നിന്നും പുറപ്പെടുന്ന കുമാര സ്വാമിയും പദ്മനാഭപുരത്ത് തേവാരക്കെട്ട് ക്ഷേത്രത്തില്‍ എത്തുമ്ബോള്‍ മുന്നൂറ്റിനങ്ക ദേവിയും ക്ഷേത്രത്തില്‍ എത്തും. കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ രാവിലെ 7.30-ന് ഉടവാള്‍ കൈമാറ്റ ചടങ്ങ് നടക്കും.

ശേഷം, തേവാരക്കെട്ട് സരസ്വതി ദേവിക്കൊപ്പം കുമാരസ്വാമിയും മുന്നൂറ്റിനങ്കയും കൊട്ടാരവാതില്‍ക്കലെത്തും. ഇവിടത്തെ പൂജയ്‌ക്ക് ശേഷമാണ് നവരാത്രി ഘോഷയാത്ര ആരംഭിക്കുന്നത്.

ഘോഷയാത്ര രാത്രിയോടെ കുഴിത്തുറയിലെത്തും. 13-ന് രാവിലെ കുഴിത്തുറയില്‍ നിന്നും തിരിക്കുന്ന ഘോഷയാത്രയ്‌ക്ക് കേരള അതിര്‍ത്തിയില്‍ സ്വീകരണവും ഉണ്ടാകും. രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എത്തുന്ന ഘോഷയാത്ര 14-ന് രാവിലെ പുറപ്പെട്ട് രാത്രിയോട് കൂടെ കിഴക്കേക്കോട്ടയില്‍ എത്തുന്നതാണ്. തുടര്‍ന്ന്, 15-ാം തീയതി ആരംഭിക്കുന്ന നവരാത്രി ആഘോഷം വിജയദശമി ദിനമായ 24-ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *