30/10/2023
അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ വ്യാപകമായി വര്‍ധിക്കുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്റ സ്വാധീനം വളരെ നിര്‍ണായകമാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
ലഹരിക്കുവേണ്ടി പലരുംഅമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരില്‍ കൂടിത്തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി (സെന്‍സിറ്റിവിറ്റി) കുറയ്‌ക്കുന്നത് പ്രമേഹം വേഗം പിടിപെടാൻ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതോടൊപ്പം, ബിയറിന്റെ അമിത ഉപയോഗവും മദ്യപാനവും പാന്‍ക്രിയാസിനെ തകരാറിലാക്കുന്ന പാന്‍ക്രിയാറ്റൈറ്റിസിനും കാരണമാകുന്ന ഒന്നാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് ബിയറിന് ഉയര്‍ന്ന കാലറിയാണ് ഉള്ളത്. ഈ ഉയര്‍ന്ന ഊര്‍ജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.