പത്തനംതിട്ട : നീതി മരിച്ചിരിക്കുന്നു എന്ന കൂട്ടമണി അടിച്ചുള്ള പ്രഖ്യാപനമാണ് പൗരസമൂഹം ഏറ്റെടുക്കേണ്ടത് എന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ആശാവർക്കർമാർ നടത്തുന്ന രാപകൽ സമര യാത്രയെ സ്വീകരിക്കാൻ പത്തനംതിട്ടയിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു വീട്ടിൽ എത്തുന്ന ആളോട് ഗൃഹനാഥ ഇറങ്ങിവന്ന് ഇവിടെ പണം ഒന്നുമില്ല കടക്ക് പുറത്ത് എന്ന് പറയുന്നു. തുടർന്ന് ഗൃഹനാഥൻ ഇറങ്ങിവന്ന് ആവശ്യം ചോദിച്ചറിയുകയും അതേ മറുപടി പറയുകയും ചെയ്യുന്നു. മൂന്നാമത് ഇറങ്ങി വന്ന വീട്ടിലെ മുതിർന്ന പൗരനും ഇതാവർത്തിക്കുന്നു. സമരം ചെയ്യുന്ന ആശമാരെ ചർച്ചയ്ക്ക് വിളിച്ച സർക്കാർ നിലപാട് ഈ കഥയെ ഓർമിപ്പിക്കുന്നതാണ് എന്നും അദ്ദേഹം വിമർശിച്ചു. സാമൂഹ്യ പ്രവർത്തകൻ ജോസഫ് സി മാത്യു മുഖ്യപ്രഭാഷണം നടത്തി. ആശാവർക്കർമാർക്ക് പ്രതിദിന വേതനത്തിൽ 100 രൂപ വർദ്ധന നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രത്യേകിച്ച് യാതൊരു നഷ്ടവും ഉണ്ടാകാനില്ല എന്ന് അദ്ദേഹം പറഞ്ഞു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ലളിതമ്മ ജോയി അദ്ധ്യക്ഷത വഹിച്ചു.
മെയ് അഞ്ചിന് കാസർഗോഡ് നിന്ന് ആരംഭിച്ച ആശാവർക്കർമാരുടെ രാപകൽ സമര യാത്ര ജൂൺ 9,10 തീയതികളിലാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. യാത്രയെ സ്വീകരിക്കുന്നതിനായി മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ചെയർമാനായി സ്വാഗതസംഘം രൂപീകരിച്ചു. ഡോ ഗീവർഗീസ് മാർ കൂറിലോസ്, ജോസഫ് സി മാത്യു, തോമസ് ജോസഫ്, പി രാമചന്ദ്രൻ നായർ എന്നിവർ രക്ഷാധികാരികളായി. ജോർജ് മാത്യു കൊടുമൺ, എം വി ചെറിയാൻ, അഡ്വ. എ സുരേഷ് കുമാർ എന്നിവർ വൈസ് ചെയർപേഴ്സൺമാരായും എസ് രാധാമണി ജനറൽ കൺവീനറും ലളിതമ്മ ജോയ്, ബീന മോഹൻ, ശരണ്യാരാജ് എന്നിവർ കൺവീനർമാരുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ചെങ്ങറ ഭൂസമര സമിതി നേതാവ് കെ എസ് ഗോപി, പരിസ്ഥിതി പ്രവർത്തകൻ അഡ്വ.എം ജി സന്തോഷ് കുമാർ, രേണുക എസ്, ഏകലവ്യൻ ബോധി, ജോബോയി ജോസഫ്, അഡ്വ.മുഹമ്മദ് അൻസാരി, ലക്ഷ്മി ആർ ശേഖർ തുടങ്ങിയവർ പ്രസംഗിച്ചു. രാപകൽ സമര യാത്രയുടെ ജില്ലയിലെ പര്യടനം വൻ വിജയമാക്കുന്നതിനും ആശാ സമരത്തിന്റെ വിജയം വരെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നതിനും യോഗം തീരുമാനിച്ചു. 90 ദിവസം പിന്നിട്ട സെക്രട്ടറിയേറ്റ് പട്ടിക്കലെ രാപകൽ സമരത്തിന്റെ സഞ്ചരിക്കുന്ന മാതൃകയായ സമര യാത്ര 85-ാം ദിവസമാണ് പര്യടനം ആരംഭിച്ചത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന യാത്ര ജൂൺ 17ന് മഹാറാലിയായി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും എന്നാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവിൽ തന്നെ അന്തിയുറങ്ങിയാണ് ആശമാർ രാപകൽ യാത്ര നടത്തുന്നത്.