അഖില നന്ദകുമാറിനെതിരെയുള്ള കേസ് :KUWJ യും, RYF ഉം പ്രതിക്ഷേധിച്ചു1 min read

12/6/23

കൊച്ചി /തിരുവനന്തപുരം :ഏഷ്യാനെറ്റ്‌ ന്യുസ് കൊച്ചി ബ്യുറോ ചിഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ പ്രതിക്ഷേധിച്ച് കെയുഡബ്ല്യൂജെ കൊച്ചിയിലും ആര്‍വൈഎഫ് തിരുവനന്തപുരത്തും തെരുവിലിറങ്ങി.

കേരളത്തില്‍ മാധ്യമപ്രവ‍ര്‍ത്തക‍ര്‍ക്ക് സ‍ര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് വിനീത ആരോപിച്ചു. നിയമസഭാ റിപ്പോര്‍ട്ടിംഗിനും സെക്രട്ടറിയേറ്റില്‍ കയറുന്നതിനും വരെ നിയന്ത്രണങ്ങളേല്‍പ്പിക്കുകയാണെന്നും വിനീത വിമര്‍ശിച്ചു.

അഖിലയ്ക്കെതിരായ കേസ് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് കിരണ്‍ ബാബുവും അഭിപ്രായപ്പെട്ടു. കെഎസ്‌യു ഉയ‍ര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട‍ര്‍ അഖിലാ നന്ദകുമാറിനെതിരെ പൊലീസ് ഗൂഢാലോചനക്ക് കേസെടുത്തത്. അധികാരത്തിന്റെ ഹുങ്കുപയോഗിച്ചാണ് ഇത്തരത്തില്‍ കേസെടുക്കുന്നത്. കെഎസ് യു ഉയ‍ര്‍ത്തുന്ന ആരോപണമെന്ന് ലൈവ് റിപ്പോര്‍ട്ടിംഗിനിടെ, അഖില വ്യക്തമായി പറഞ്ഞിരുന്നുവെന്നും കിരണ്‍ ബാബു ചൂണ്ടിക്കാട്ടി.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍വൈഎഫ് തിരുവനന്തപുരത്ത് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ച്‌ സംഘ‍ര്‍ഷാവസ്ഥയിലേക്ക് എത്തി. ഡിജിപി ഓഫിസിന് മുന്നിലെ പൊലീസ് ബാരിക്കേഡിന് മുകളില്‍ പ്രവര്‍ത്തകര്‍ എകെജി സെന്‍റര്‍ അനക്സ് എന്ന ബോര്‍ഡ് സ്ഥാപിച്ചു.
ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.

മാര്‍ച്ച്‌ ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഇനി അറിയപ്പെടുക എകെജി സെന്‍റര്‍ അനക്സ് ഓഫീസ് സെക്രട്ടറി എന്നായിരിക്കുമെന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷിബു ബേബി ജോണ്‍ പരിഹസിച്ചു. സര്‍ക്കാരിന്റെ തെറ്റ് തിരുത്താൻ മുൻകൈയ്യെടുക്കേണ്ട പാര്‍ട്ടി സെക്രട്ടറി എല്ലാത്തിനെയും ന്യായീകരിക്കുകയാണ്. വിവരക്കേട് പറയുന്ന മാഷായി എംവി ഗോവിന്ദൻ മാറി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും കേസെടുക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *