ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ട്ടികകൾ ലൈഫ് പദ്ധതിക്കായി ശേഖരിക്കും :മേയർ ആര്യ രാജേന്ദ്രൻ1 min read

6/3/23

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ടികകൾ ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ശുചീകരണ സമയത്ത് തന്നെയായിരിക്കും കല്ലുകള്‍ ശേഖരിക്കുന്നത്. കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി.

പൊങ്കാലയോടനുബന്ധിച്ച്‌ കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കും. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന മണ്‍പാത്രങ്ങളിലെ മായം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആറ്റുകാല്‍ പൊങ്കാലയ്ക്കായി എത്തുന്നവര്‍ക്കായി സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കെ എസ് ഇ ബി. ട്രാന്‍സ്ഫോമറുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച്‌ മാത്രമേ പൊങ്കാലയിടാവൂ എന്ന് കെ എസ് ഇ ബി അറിയിച്ചു. ട്രാന്‍സ്ഫോമറുകളുടെ ചുറ്റുവേലിയില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും അവിടെ വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുതെന്നും അറിയിപ്പിലുണ്ട്.

ട്രാന്‍സ്ഫോമറുകള്‍ എന്ന പോലെ വൈദ്യുതി പോസ്റ്റുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വൈദ്യുതി പോസ്റ്റുകളുടെ ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. ട്രാന്‍സ്ഫോമറുകളുടെയും വൈദ്യുത പോസ്റ്റുകളുടെയും ചുവട്ടില്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നതും ഒഴിവാക്കണം. ലൈറ്റുകള്‍ ദീപാലങ്കാരങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൈയെത്താത്ത ഉയരത്തിലായിരിക്കണം സംഘാടകര്‍ സ്ഥാപിക്കേണ്ടത്. ഗേറ്റുകള്‍, ഇരുമ്പ്തൂണുകള്‍, ഗ്രില്ലുകള്‍, ലോഹ ബോര്‍ഡുകള്‍ എന്നിവയില്‍ കൂടെ കടന്നു പോകുന്ന തരത്തില്‍ വൈദ്യുതി ദീപാലാങ്കാരങ്ങള്‍ സ്ഥാപിക്കരുത്.

വൈദ്യുതി പോസ്റ്റുകളില്‍ ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല. ഗുണ നിലവാരമുള്ള വയറുകള്‍, സ്വിച്ച്‌ ബോര്‍ഡുകള്‍ എന്നിവ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കണം. അംഗീകൃത കോണ്‍ട്രാക്ടര്‍മാരെ മാത്രം ചുമതല ഏല്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. മേല്‍പ്പറഞ്ഞ സുരക്ഷാ നിര്‍ദേശങ്ങള്‍ ആറ്റുകാല്‍ പൊങ്കാലയിടുന്നവരും ഉത്സവത്തില്‍ പങ്കാളികളാകുന്നവരും കര്‍ശനമായി പാലിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *