ആറ്റുകാലമ്മ… മാതൃത്വത്തിന്റെ പൂർണ നാമം….. ലേഖനം… ബ്രഹ്മശ്രീ.ശ്രീകാന്ത് വേളിക്കാട്ട് (താന്ത്രിക്ക് കൺസൾട്ടന്റ് )
കേരളത്തിലെ കാർഷിക സംസ്കൃതിയുടെ വിളപ്പെടുപ്പു കാലങ്ങളുടെ ആഘോഷമാണ് ഉത്സവങ്ങൾ.. ഇതിൽ അമ്മ ദൈവത്തിനുള്ള സ്ഥാനം വളരെ വലുതാണ്
മകരം 28 നു ഭൂമി ദേവി ഋതു ആകുന്നുവെന്നാണ് സങ്കല്പം . ഈ ദിവസം ഉച്ചാര/ അഥവാ ഉച്ചാരൽ എന്നു അറിയപ്പെടുന്നു. മൂന്നു ദിവസം മണ്ണിൽ പണിയെടുക്കുകയോ മറ്റുമില്ല. തുടർന്ന് കുംഭം ഒന്നിനു ഭൂമി ദേവിയുടെ ചതുർത്ഥ സ്നാനം കഴിയുന്നതോടുകൂടി മലയാളക്കരയിൽ ഉത്സവങ്ങൾ ആരംഭിക്കുന്നു
കേരളത്തിലെ ദേവി ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് അന്നും ഇന്നും നിറപ്പകിട്ടു വേറെ തന്നെയാണ്.
താന്ത്രിക വിധി പ്രകാരം ധ്വജാദി, ആങ്കുരാദി, പടഹാദി എന്നിങ്ങനെ ഒക്കെ ഉത്സവാദികൾ പറയുന്നുണ്ടെങ്കിലും ഇതിനൊക്കെ മുമ്പ് തന്നെ ആട്ടവും പാട്ടും കലർന്ന ഉത്സവങ്ങൾ പഴയ നാഞ്ചി നാട്ടിലും തെക്കൻ കേരളത്തിലും സർവ്വ സാധാരണം ആയിരുന്നു, വടക്കും വിഭിന്നമല്ല.
മുടിപ്പുരയിലെ ഉത്സവങ്ങൾ ആ നാടിന്റെ തന്നെ ഒത്തുചേരൽ ആയിരുന്നു. ഇന്ന് മുടിപ്പുരകൾ പലതും ക്ഷേത്രങ്ങൾ എന്നു അറിയപ്പെടുന്നുണ്ടെകിലും അവിടുത്തെ ഉത്സവാദി ആചാരങ്ങൾ മിക്കയിടത്തും പഴയതുപോലെ തന്നെയാണ്. ഇതുപോലെ ഒരു ഉത്സവ മാമാങ്കത്തിനു തന്നെയാണ് തലസ്ഥാനവും തയ്യാറെടുക്കുന്നത്.
കുംഭത്തിലെ കാർത്തിക നാൾ ആറ്റുകാലിൽ പാട്ടു തുടങ്ങുന്നു.
ഇനി പത്തു ദിവസം തിരുവനന്തപുരം ആ പ്രാചീന മുടിപ്പുരയിലെ ചതുർബാഹു സമന്വിത ആയ ആ മഹാകാളിയുടെ നഗരമാണ്.പച്ച പന്തലിൽ ,കുഴി താളത്തിന്റെ അകമ്പടിയിൽ അവളുടെ ബാല്യവും, വിവാഹവും പ്രതികാരവും ഒക്കെ അലയടിച്ചുയരും. ഉള്ളറിഞ്ഞുള്ള “അമ്മാ” എന്നുള്ള വിളികളും വായ് കുരവകളും മന്ത്ര വിന്യാസം പോലെ പ്രകമ്പനം കൊള്ളുന്നു.നാടും നഗരവും അമ്മയുടെ അപദാനങ്ങൾ വാഴ്തുകയാണ്. അതേ’ആറ്റുകാലമ്മച്ചിയുടെ ഉത്സവം’
ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുഖ്യ ചടങ്ങായ തോറ്റംപാട്ടിൽ വർണ്ണന ഇപ്രകാരം തുടരുന്നു
“മൂലസ്ഥാനമായ കൊടുങ്ങല്ലൂർ നിന്നും വേതാളിയുടെ പുറത്തു വന്നു കുടിയിരിക്കുവാൻ ഒരുങ്ങുകയാണ് ദേവി..
കാലയക്ഷിയെ മണി വിളക്കിനു കാവൽ ഏല്പിച്ചു വസൂരിമാലയെ തടയാൻ ഘണ്ടാകർണനു പുരമ്പു കയ്യിൽ കൊടുത്തു ,ആകാശ മാടനെ കാവൽ വച്ചു ,മുടിപ്പുരയുടെ തെക്കു കാളികളെ കുടിവച്ചു , ഗണപതി പൂജ കഴിച്ചു ഗണപതിയെ കുടിയിരുത്തി ..പന്തീരായിരം പേയ്ഭൂതങ്ങളെ നാലു വശവും കാവൽ നിർത്തി മുടിപ്പുരയുടെ അകത്തു ശംഖും മണിത്തറയുടെ പുറത്തു ചതുര ബലി പീഠത്തിനു മുകളിൽ പൊന്നിൻ കിണ്ടിയുടെ തൻപുറത്തു വടക്ക് ദിശ നോക്കി കുടിയിരിക്കുന്നു കൈലാസ പുരത്തുള്ള കള്ളന്റെ കുറുമ്പിയായ പൊന്മകൾ…(തോറ്റംപാട്ട് കണ്ണകി ചരിതമല്ല )..
തുടർന്ന് ദേവിയുടെ മനുഷ്യ അവതാരത്തിലെ തെക്കൻ കൊല്ലത്തെ കന്നിയുടെയും വടക്കൻ കൊല്ലത്തെ പാലകന്റെയും കഥ പാട്ടുകാർ പച്ച പന്തലിൽ ഇരുന്നു പാടുന്നു. മൂന്നാം ദിവസം കന്നിയും വടക്കും കൊല്ലത്തെ പാലകനുമായുള്ള വിവാഹ വർണ്ണന പാടുന്ന ഭാഗം മാലപ്പുറം പാട്ട് എന്നറിയപ്പെടുന്നു.
ഏഴാം ദിവസത്തെ പാട്ടിൽ ദേവി ഭർത്താവായ പാലകനെ തോറ്റുന്ന (, ജീവൻ നൽകുന്ന ) ഭാഗമാണ് പാടുന്നത്, എട്ടാം ദിവസം തന്റെ ഭർത്താവിനെ ചതിച്ച സ്വർണ്ണപ്പണിക്കാരന്റെ വധവും, പൊങ്കാല ദിവസമായ ഒൻപതാം നാൾ ശിവ പുത്രിയായ ഭദ്രകാളി (കന്നി )പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം പാടി കഴിയുമ്പോൾ ശുദ്ധ പുണ്യഹം നടത്തി പൊങ്കാല ആരംഭിക്കും.
ലക്ഷോപലക്ഷം നാരിമാർ അമ്മയ്ക്ക് നേദിയ്ക്കുന്ന പൊങ്കാല സ്വീകരിക്കുന്ന ദേവി, പത്താം ദിവസം തോറ്റംപാട്ടുകാർ ദേവി കൊടുങ്ങല്ലൂരിൽ കുടി കൊള്ളുന്ന ഭാഗം പാടുന്നതോട് കൂടി പൊങ്കാല ഉത്സവം സമാപിക്കുകയാണ്. വീണ്ടും ഒരാണ്ടത്തെ കാത്തിരിപ്പ്!!!!