ആരോഗ്യമുള്ള ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണം കൂടിയാണ് ഓട്സ് .പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ ധാന്യമാണ് ഓട്സ്.
ബ്രേക്ക്ഫാസ്റ്റില്‍ ഓട്സ് ഉള്‍പ്പെടുത്തന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒരു കാര്യമാണ്. ഉണക്കിയ പഴങ്ങളോടൊപ്പം പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുകയാണെങ്കില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഗുണങ്ങളുമെല്ലാം ഈയൊരു ഭക്ഷണത്തില്‍ നിന്ന് മാത്രം ലഭിക്കും.
ഓട്സ് ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഓട്സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡിന്റെ അളവ് കുറയുകയും പോഷകങ്ങള്‍ ഒട്ടും തന്നെ നഷ്ടപ്പെടാതെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ചീത്ത കൊളസ്ട്രോള്‍ അളവ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമായി മാറിയേക്കാം. ഇത് ഹൃദയ ധമനികളുടെ പ്രവര്‍ത്തനത്തില്‍ തടസ്സമുണ്ടാക്കുന്നു.
ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കും. ഓട്സില്‍ കാണപ്പെടുന്ന ബീറ്റാ ഗ്ലൂക്കണ്‍ ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് തന്നെ.
ധാരാളം പോഷക ഗുണങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത ആന്റിഓക്സിഡേറ്റീവ് എന്നതിനപ്പുറം ഇതില്‍ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓട്സ്. ഓട്സ് പതിവായി കഴിക്കുകയാണെങ്കില്‍ ബ്രസ്റ്റ് കാൻസര്‍, പ്രോസ്റ്റേറ്റ് ക്യാൻസര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ദഹനപ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിലും നാരുകള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇത് മലബന്ധം തടയാൻ സഹായിക്കും. മലബന്ധത്തിനെതിരെ പോരാടുന്നതിന് ഭക്ഷണത്തില്‍ ആവശ്യത്തിന് നാരുകള്‍ ചേര്‍ക്കുന്നത് പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു. ഓട്സ് നാരുകളുടെ നല്ല ഉറവിടമായതിനാല്‍ മലബന്ധം ഒഴിവാക്കാനും തടയാനും കഴിയും.ഓട്സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭാരം നിയന്ത്രിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാനും ഓട്സ് കഴിക്കുന്നതിലൂടെ സാധിക്കുന്നു.