തിരുവനന്തപുരം:കാഴ്ചപരിമിതിയുള്ളവർക്കായി സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ദീപ്തി ബ്രെയിൽ സാക്ഷരതാപദ്ധതിയുടെ ജില്ലാതല അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 171 പേരാണ് ബ്രെയിൽ ലിപി പഠിക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അംഗൻവാടി ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിലൂടെയാണ് പഠിതാക്കളെ കണ്ടെത്തിയത്. നേമം ബ്ലോക്കിലാണ് കൂടുതൽ പഠിതാക്കൾ ഉള്ളത്. 97 പേർ. ജില്ലയിൽ ആറ് ഇൻസ്ട്രക്ടർമാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി അനിൽകുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റന്റ് കോർഡിനേറ്റർ കെ സജിത, ബ്രെയിൽ ലിപി വിദഗ്ധൻ ബി വിനോദ്, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.