ഹരിതകർമ്മ സേനയുടെ സമ്പൂർണ്ണ വാതിൽപടി ശേഖരണം ഉറപ്പാക്കും,ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു1 min read

 

തിരുവനന്തപുരം :ജില്ലയിലെ ഹരിത കർമ്മ സേനയുടെ വാതിൽ പടി ശേഖരണം നൂറു ശതമാനത്തിലെത്തിക്കാൻ പ്രവർത്തനങ്ങളുമായി ജില്ലാ ശുചിത്വ മിഷൻ. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾ കൃത്യ സമയത്ത് തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിലേക്ക് മാറ്റുന്നതിന് പ്രത്യേക നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ തീരുമാനമായി. മിനി എം.സി.എഫുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും.

വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന യൂസർ ഫീ കളക്ഷൻ യോഗത്തിൽ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാതിൽ പടി ശേഖരണത്തിൽ പിന്നിൽ നിൽക്കുന്ന സ്ഥലങ്ങളിൽ, അവ വർധിപ്പിക്കുന്നതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽചേർന്ന യോഗത്തിൽ ജില്ലാ ശുചിത്വ മിഷൻ കോ – ഓർഡിനേറ്റർ എ.ഫെയിസി, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ രഞ്ജിത, മാലിന്യ മുക്തം നവകേരളം കോ – കോർഡിനേറ്റർ ഹരികൃഷ്ണൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിവിധ പഞ്ചായത്തുകളിലെ വി.ഇ.ഒ-മാർ ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *