പാചകവാതക സിലിണ്ടർ :പരാതികൾ പരിഹരിക്കാൻ ഓപ്പൺ ഫോറം,ഗ്യാസ് സിലിണ്ടർ പരിശോധനയ്ക്ക് 236 രൂപ സർവീസ് ചാർജ് ഈടാക്കും,പരിശോധനക്കെത്തുന്ന വിവരം മൊബൈൽ സന്ദേശമായി ലഭിക്കും1 min read

 

തിരുവനന്തപുരം:ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകൾ സംബന്ധിച്ച പരാതികൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾ, ഗ്യാസ് ഏജൻസി ഉടമകൾ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, ഓയിൽ കമ്പനി പ്രതിനിധികൾ എന്നിവർക്കായി ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളിലെ തൂക്കക്കുറവ്, സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഡെലിവറി ബോയ്‌സ് അമിത വിലയീടാക്കുന്നതായുള്ള പരാതികൾ, സിലിണ്ടറുകൾ കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള പരാതികൾ എന്നിവ ചർച്ച ചെയ്യുന്നതിനും ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ബോധവത്ക്കരണം നടത്തുന്നതിനുമായാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്.

ഗ്യാസ് സിലിണ്ടറുകളുടെ മാൻഡേറ്ററി പരിശോധനകൾ ഏജൻസികളിൽ നിന്നുള്ള ജീവനക്കാർ വീടുകളിൽ വന്ന് നടത്തുമ്പോൾ ജി.എസ്.റ്റി ഉൾപ്പെടെ 236 രൂപ സർവീസ് ചാർജ്ജായി ഈടാക്കുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സെയിൽ ഓഫീസർ അറിയിച്ചു. ഓരോ 5 വർഷം കൂടുന്തോറുമാണ് കമ്പനികൾ പ്രതിനിധികൾ പരിശോധന നടത്തുന്നത്. ഉപഭോക്താക്കൾ ഐഡന്റിന്റി കാർഡ് പരിശോധിച്ച് കമ്പനി പ്രതിനിധികൾ ആണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ പരിശോധന അനുവദിക്കാവൂ. പരിശോധനക്കെത്തുന്ന വിവരം മൊബൈൽ സന്ദേശമായി ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും സെയിൽ ഓഫീസർ അറിയിച്ചു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് ഗ്യാസ് ഏജൻസികളുടെയും, ഫയർഫോഴ്സിന്റെയും സഹായത്തോടുകൂടി ഉപഭോക്താക്കൾക്ക് വർഷത്തിലൊരിക്കൽ ബോധവത്ക്കരണം നടത്തും. നിലവാരമില്ലാത്ത ഗ്യാസ് സ്റ്റൗ, സുരക്ഷ ഹോബ് എന്നിവ ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറിയിച്ചു. എ.എ.വൈ കാർഡുടമകൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി നിലവിൽ വനിതകൾക്ക് മാത്രമാണ് നൽകിവരുന്നതെന്ന് ഐ.ഒ.സി സെയിൽസ് ഓഫീസർ അറിയിച്ചു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ ബീനാഭദ്രൻ, ഐ.ഒ.സി സെയിൽസ് ഓഫീസർ മഞ്ജുഷ, എച്ച്.പി.സി.എൽ സെയിൽ ഓഫീസർ സനൽകുമാർ, അഗ്നിസുരക്ഷസേന ഉദ്യോഗസ്ഥൻ, റസിഡന്റ്‌സ് അസോസിയേഷൻ സംഘടനാ പ്രതിനിധികൾ, മറ്റ് ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, താലൂക്ക് സപ്ലൈ ഓഫീസർമാർ, വിവിധ ഗ്യാസ് ഏജൻസി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *