ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കില്‍ മാത്രമേ ഏര്‍പ്പെടൂ: ഋഷി സുനക്1 min read

ഡല്‍ഹി: ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നിലവിൽ പുരോഗമിക്കുന്നുണ്ട്.

 യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്ന കരാര്‍ മാത്രമേ അംഗീകരിക്കൂവെന്ന് സുനക് വ്യക്തമാക്കി. ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്‍റെ ഈ പ്രസ്താവന.

ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്കുള്ള യാത്രക്ക് മുന്പ്  മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുനക് ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹത്തിന്‍റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഏറ്റവും വലിയ കയറ്റുമതി രാജ്യമാകാനുള്ള ശ്രമത്തിനിടയില്‍ ബ്രിട്ടനുമായുള്ള വ്യാപാരക്കരാര്‍ നിര്‍ണായകമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

 യൂറോപ്യൻ യൂണിയനില്‍നിന്നു പുറത്തുവന്നതിനു പിന്നാലെ വിപുലമായ വ്യാപാര സാധ്യതകള്‍ തേടുന്ന യുകെയ്ക്കും ഇന്ത്യയുമായുള്ള കരാര്‍ നിര്‍ണായകമാണ്. ഈ വര്‍ഷം അവസാനത്തോടെ യുകെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ മാസം ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ടചര്‍ച്ചകള്‍ നേരത്തേ  ആരംഭിക്കുകയും ചെയ്തിരുന്നു.

ജി20 അധ്യക്ഷ പദവി സ്ഥാനം അര്‍ഹിക്കുന്ന കരങ്ങളിലാണ് ലഭിച്ചതെന്നും ശരിയായ രാജ്യം അതിന്റെ ശരിയായ സമയത്താണ് ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നതെന്നും സുനക് പറയുകയുണ്ടായി . ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇവർ  ഉടൻ ഡല്‍ഹിയിലെത്തും. ജോ ബൈഡൻ എത്തുമെന്ന് ഇന്നലെ അമേരിക്ക സ്ഥിരീകരിച്ചിരിരുന്നു. ബൈഡന്‍റെ കോവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം. ഉച്ചകോടിക്കായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *