പൗരത്വ നിയമം :മുസ്ലിം വിരുദ്ധമെന്നുള്ള വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് മുസ്ലിം പുരോഹിതൻമാർ1 min read

ഡൽഹി :പൗരത്വ ഭേഗദതി നിയമം നടപ്പാക്കുന്നതില്‍ പരിഭ്രാന്തരാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച്‌ മുസ്ലീം പുരോഹിതന്‍മാര്‍.

നിയമവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും പുരോഹിതര്‍ പറഞ്ഞു.

അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗവും ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായ മൗലാന ഖാലിദ് റഷീദ് ഫിറാംഗി മഹാലിയാണ് ഇക്കാര്യം പറഞ്ഞത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

” ആരുടെയും പൗരത്വം ഈ നിയമം നടപ്പാക്കുന്നതിലൂടെ നഷ്ടപ്പെടില്ല. അക്കാര്യം മുൻപും പറഞ്ഞിട്ടുള്ളതാണ്. എല്ലാവരും സമാധാനത്തോടെയിരിക്കണം. പരിഭ്രാന്തരാകരുത്,” അദ്ദേഹം പറഞ്ഞു.

” കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഞങ്ങളുടെ നിയമസമിതി പഠിക്കും. അതിന് ശേഷം അഭിപ്രായങ്ങള്‍ പറയും. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചവര്‍ക്ക് മാത്രമെ എന്തിനാണ് ഇവ തെരഞ്ഞെടുപ്പ് സമയത്ത് പുറപ്പെടുവിച്ചതെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കു,” എന്നും അദ്ദേഹം പറഞ്ഞു.

”വ്യാജപ്രചരണങ്ങള്‍ പ്രചരിപ്പിക്കുകയോ എന്തെങ്കിലും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ ആഹ്വാനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തില്‍ എല്ലാവരും വിശ്വസിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.

ഷിയ പുരോഹിതനായ മൗലാന യാസൂബ് അബ്ബാസും സമാന അഭിപ്രായവുമായി രംഗത്തെത്തി. വിജ്ഞാപനത്തെക്കുറിച്ച്‌ ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹവും പറഞ്ഞത്.

” അഖിലേന്ത്യ ഷിയ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വിജ്ഞാപനത്തെപ്പറ്റി വിശദമായി പഠിക്കും. എല്ലാവരുടെയും വിശ്വാസം ഉറപ്പിച്ച ശേഷം നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

” പൗരത്വം നല്‍കുന്ന നിയമമാണിത്. ആരുടെയും പൗരത്വം റദ്ദാക്കുന്ന നിയമമല്ലിതെന്ന്,” ഉത്തര്‍പ്രദേശ് ഹജ്ജ് കമ്മിറ്റി അധ്യക്ഷനായ മുഹ്‌സിന്‍ റാസ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നത്. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *