കാലിക്കറ്റ്‌ സർവകലാശാല രജിസ്റ്റാറുടെ നിയമനം ; വിസി യുടെ സത്യവാഗ്മൂലത്തിൽ വിശ്വാസമില്ലെന്ന് ഹൈക്കോടതി1 min read

കൊച്ചി :കാലിക്കറ്റ് സർവകലാശാല രജിസ്ട്രാറുടെ നിയമനം സംബന്ധിച്ച് വൈസ് ചാൻസലർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശ്വാസമില്ലെന്ന് ഹൈ ക്കോടതി നിരീക്ഷിച്ചു. അതുകൊണ്ട് സെപ്റ്റംബർ ഒൻപതിന്റെ സിൻഡിക്കേറ്റ് അജണ്ട, മിനിറ്റ്സ്,തുടർ നടപടി റിപ്പോർട്ട്,എന്നിവ നവംബർ 25 ന് കോടതിയിൽ ഹാജരാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

ഒമ്പതാം തീയതി സിൻഡിക്കേറ്റിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ,ഫൈനാൻസ് ഓഫീസർ തസ്തികകളിൽ പുതിയ നിയമനങ്ങൾ നടത്താനുള്ള നടപടികൾക്ക് താൻ നിർദേശം നൽകിയതായി വൈസ് ചാൻസലർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അത്തരത്തിൽ ഒരു തീരുമാനം സിണ്ടിക്കേറ്റ് യോഗം കൈകൊണ്ടിട്ടില്ലെന്നും കോടതിയെ തെറ്റി ധരിപ്പിക്കുകയാണെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയെ ബോധിപ്പിച്ചു.ഇതിൻറെ അടിസ്ഥാനത്തിലാണ് മീറ്റിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനുള്ള കോടതി ഉത്തരവ്. സെനറ്റ്, അക്കാദമിക് കൗൺസിൽ,യോഗങ്ങളിലെ ചർച്ചകൾ മാത്രമേ വീഡിയോ റെക്കോർഡ് ചെയ്യാറുള്ളൂവെന്നും സിണ്ടിക്കേറ്റ് യോഗ ചർച്ചകൾ റെക്കോർഡ് ചെയ്യാറില്ലെന്നും കോടതിയെ സർവ കലാശാല അറിയിച്ചിരുന്നു. തുടർന്നാണ് മറ്റു രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

രജിസ്ട്രാറെ സ്ഥിര അടിസ്ഥാനത്തിൽ നിയമിക്കുവാനുള്ള നടപടികൾ സർവ്വകലാശാല സ്വീകരിച്ചിരിക്കുന്നതായി സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ പി.സി.ശശിധരൻ കോടതിയെ ബോധ്യപ്പെടുത്തി. അത്തരം നടപടികൾ സ്വീകരിക്കുവാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ബഹുമാനപ്പെട്ട ഹൈ കോടതിയിൽ പോലും തെറ്റായ സത്യവാങ്മൂലം സമർപ്പിച്ച് സർവകലാശാലയുടെ യശസ്സും അന്തസ്സും ഇല്ലാ താക്കിയ വൈസ് ചാൻസിലർ സർവകലാശാല സിന്ഡിക്കേറ്റിലെ ഒരു കൂട്ടം അംഗങ്ങളുടെ ആജ്ഞാനുവർത്തിയായാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല ചട്ടങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ വൈസ് ചാൻസലർക്ക് കർശന നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *