14/7/23
ശ്രീഹരിക്കോട്ട : ഭാരതത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ തുടങ്ങി.ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്, ഫാറ്റ് ബോയി എന്നു വിളിപ്പേരുള്ള എല്‍വിഎം 3 എം 4 റോക്കറ്റിലാണ് വിക്ഷേപണം.
എല്‍.വി.എം. 3 റോക്കറ്റ് ചന്ദ്രയാന്‍ പേടകത്തെ ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ ഉയരത്തില്‍ ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയര്‍ത്തും. ആറു ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. 45 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തും. ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. അതില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും. വിജയിച്ചാല്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.