സംസ്ഥാന ഉജ്ജ്വലബാല്യ പുരസ്കാരം
തിരുവനന്തപുരം: ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്. കുഞ്ഞുങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടാകാം. കുഞ്ഞുങ്ങളുടെ വ്യത്യസ്തതകളും കഴിവുകളും പ്രോത്സാഹിപ്പിക്കണം. അവരെ സ്നേഹിക്കുകയും സംരക്ഷികയും ചേര്‍ത്തുപിടിക്കുകയും ചെയ്യണം. കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, പിന്തുണ സാധ്യമാക്കുക എന്നതാണ് പ്രധാനം. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് പൊതു സമൂഹം ഓര്‍ക്കേണ്ടതാണ്. ആലുവ കേസിലെ കോടതി വിധിയേയും മന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും, കോഫി ടേബിള്‍ ബുക്ക് പ്രകാശനവും, ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ അഫ്സാന പര്‍വീണ്‍, സംസ്ഥാന ബാലവകാശ കമ്മീഷന് മെമ്പര്‍ അഡ്വ. എം. സുനന്ദ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്, വനിത ശിശു വികസന വകുപ്പ് അസി. ഡയറക്ടര്‍ സുലക്ഷണ, എസ്.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ കൃഷ്ണമൂര്‍ത്തി കെ. എന്നിവര്‍ പങ്കെടുത്തു. മികച്ച ബാലതാരം തന്മയ സോള്‍ എ വിശിഷ്ടാതിഥിയായി.