ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്1 min read

ലോക പ്രമേഹദിനാചരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
 തിരുവനന്തപുരം  ::പ്രമേഹ പരിരക്ഷ പ്രാപ്യമാക്കുകയെന്ന സന്ദേശമുയർത്തി തിരുവനന്തപുരം പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ലോകപ്രമേഹദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ ആവിഷ്‌കരിച്ച ശൈലി ആപ്പിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തിയാണ് ശൈലി ആപ്പിലൂടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കാനും, ജീവിത ശൈലീ രോഗങ്ങൾ ബാധിച്ചവർക്ക് കൃത്യമായ മരുന്നുകൾ നൽകി ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കാനും രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനും ഇതിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ശൈലി ആപ്പിലൂടെ നിലവിൽ 25 ലക്ഷം പേരിൽ നടത്തിയ പരിശോധനയിൽ 19,000 പേർക്ക് പ്രമേഹ രോഗവും 11,000 പേർക്ക് പ്രമേഹവും രക്താദിസമ്മർദ്ദവും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ രോഗത്തെ നിയന്ത്രിക്കുന്നതിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് കോമ്പൗണ്ടിൽ  സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും പ്രമേഹ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, എന്റോക്രൈനോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനവും ഒരുക്കിയിരുന്നു. കൂട്ടനടത്തം, സൈക്കിൾ റാലി, കുട്ടികളുടെ ചിത്രരചന മത്സരങ്ങൾ എന്നിവയും പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആക്കുളം വാർഡ് കൗൺസിലർ സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി.ആർ അനിൽകുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടർ ഡോ.പി.കെ ജബ്ബാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ലിനറ്റ് മോറിസ്, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.ബിപിൻ ഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *