തിരുവനന്തപുരം :ലേബര്‍ കോടതിവിധി നടപ്പിലാക്കുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് തയ്യാറാകണമെന്ന് സി ഐ ടി യൂ ആവശ്യപ്പെട്ടു.
മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ രൂപീകരിച്ചതിന്റെ പ്രതികാര നടപടിയുമായി 164 തൊഴിലാളികളെ അകാരണമായി 2019 ല്‍ പിരിച്ചുവിടുകയായിരുന്നു. പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം നോണ്‍ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 83 ദിവസം നടന്നു.
ഇത്രയും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ സ്ഥാപനത്തിന്റെ 43 ശാഖകള്‍ ഡിസംബര്‍ 7 ന് മാനേജ്‌മെന്റ് അടച്ചുപൂട്ടുകയായിരുന്നു. സമരത്തെ തല്ലിയൊതുക്കാനായിരുന്നു മാനേജ്‌മെന്റിന്റെ തുടര്‍ ശ്രമങ്ങളെല്ലാം. തൊഴില്‍ മന്ത്രിയും തൊഴില്‍ വകുപ്പും അനുരജ്ഞനത്തിനായി വിളിച്ച കൂടിയാലോചനകള്‍ക്കൊന്നും മാനേജ്‌മെന്റ് പുല്ലുവില കല്‍പ്പിച്ചില്ല. സമരത്തിനെ നിരോധിക്കുവാന്‍ ഹൈക്കോടതിയില്‍ പോകുകയും പോലീസിനെ ഉപയോഗിച്ച് നിരവധി തൊഴിലാളികളുടെ പേരില്‍ കള്ളക്കേസ് എടുപ്പിക്കുകയും ചെയ്തു. സമരസഹായസമിതി രൂപീകരിച്ച് നടന്ന പ്രക്ഷോഭം കേരളത്തിലെ തൊഴില്‍ സമരങ്ങളില്‍ എടുത്തു പറയേണ്ട ഒന്നായി മാറി. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെയും, ഇതര ജനവിഭാഗങ്ങളുടെയും പിന്തുണ ഈ സമരത്തിന് ലഭിച്ചു. കോവിഡ് വ്യാപകമായതിനെതുടര്‍ന്നാണ് പ്രത്യക്ഷസമരം മാറ്റേണ്ടി വന്നത്. തുടര്‍നടപടികള്‍ക്ക് കോടതിയിലേക്ക് പോയത്.
നീണ്ടകാലത്തെ കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച് 2024 ജനുവരി 13 നാണ് നിര്‍ണായകമായ വിധി എറണാകുളം ലേബര്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്. 164 പേരെയും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നാണ് കോടതി വിധി. സമരം ഉപേക്ഷിച്ച് സ്വയം പിരിഞ്ഞുപോയ 73 പേരൊഴിച്ച് 90 പേരെയും ജോലിയില്‍ പ്രവേശിപ്പിക്കണം. 3 തൊഴിലാളികള്‍ ഇതിനകം മരണപ്പെടുകയും ചെയ്തു. പിരിച്ചുവിട്ട നാള്‍ മുതലുള്ള ശമ്പളവും നല്‍കണമെന്നും, നാലു മാസത്തിനുള്ളില്‍ കോടതിവിധി നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ശമ്പളകുടിശ്ശികയ്ക്ക് 6% പലിശയും നല്‍കണമെന്നാണ് വിധി. സമരത്തിലുടനീളം ഉറച്ചുനിന്ന തൊഴിലാളികളെയും, ക്ഷമയോടെ കോടതിവിധിയ്ക്കായി കാത്തുനിന്നവരെയും സമരത്തെ പിന്തുണച്ച എല്ലാ വിഭാഗം തൊഴിലാളികളെയും സിഐടിയു സംസ്ഥാനകമ്മിറ്റി അഭിവാദ്യം ചെയ്യുന്നു.
2016 ലാണ് മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മിനി മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ്, മഹീന്ദ്ര ഫിനാന്‍സ്, ബജാജ് ഫിന്‍ സര്‍ഫ് തുടങ്ങിയ സ്ഥാപനങ്ങളിലെ യൂണിയന്‍ അംഗങ്ങളെ ചേര്‍ത്ത് നോണ്‍ ബാങ്കിംഗ് & ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) രൂപീകരിക്കുന്നത്. ആ ഘട്ടം മുതല്‍ സമാനതകളില്ലാത്ത പ്രതികാര നടപടികളെയാണ് തൊഴിലാളികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. വനിതാ ജീവനക്കാരുള്‍പ്പെടെ തൊഴിലാളികളെ കേരളത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയാണ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ബോണസടക്കം ആനുകൂല്യങ്ങള്‍ തടയുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാതിരിക്കുക തുടങ്ങിയ ഘട്ടങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ അഭിമുഖീകരിച്ചു. അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രി സ:ടി.പി.രാമകൃഷ്ണന്‍ വിളിച്ച ഒത്തുതീര്‍പ്പുകളായിരുന്നു തൊഴിലാളികള്‍ക്ക് ലഭിച്ച ആശ്വാസനടപടികള്‍. യൂണിയന്‍ മെമ്പര്‍മാര്‍ തൊഴില്‍ ചെയ്തിരുന്ന 43 ബ്രാഞ്ചുകള്‍ മാത്രം അടച്ചുപൂട്ടി. പിരിച്ചുവിടലിന് ഒരു ന്യായീകരണമായി നഷ്ടത്തിന്റെ കണക്കാണ് മാനേജ്‌മെന്റ് വാദിച്ചത്. ആ വാദമാണ് കോടതി പൂര്‍ണമായി തള്ളിക്കളഞ്ഞ് മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്ന ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.
26,000 ത്തോളം മുത്തൂറ്റ് ജീവനക്കാര്‍ക്ക്, സിഐടിയു യൂണിയന്റെ ഇടപെടലിനെ തുടര്‍ന്ന് 20% ബോണസിന് അര്‍ഹതയുണ്ടെന്ന് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ മറ്റൊരു വിധിയില്‍ നേടിയെടുക്കാനായത് തൊഴിലാളികളുടെ ഒറ്റക്കെട്ടായ നീക്കത്തിന്റെ ഭാഗമായാണ്.
കോടതിവിധികളെ മാനിച്ച് ട്രേഡ് യൂണിയനെ അംഗീകരിച്ച് പോകാന്‍ മാനേജ്‌മെന്റ് തയ്യാറാകും എന്ന പ്രതീക്ഷയാണ് മുന്നോട്ട് വയ്ക്കാനുള്ളത്. തൊഴില്‍ സംരക്ഷിക്കാനുള്ള നീക്കം മാത്രമാണ് സിഐടിയു ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിലെ ഇതര സ്ഥാപനങ്ങളിലെന്ന പോലെ സൗഹാര്‍ദ്ദപരമായ ഒരു തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റും ഇതര നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളും തയ്യാറാകണമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നുവെന്ന് ഇളമരം കരീം പറഞ്ഞു.