8/4/23
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് നാലിന് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതും സർക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ, പങ്കെടുത്ത പ്രമുഖരിൽ നിന്ന് ഇവരുടെ സാന്നിധ്യം മറച്ചുവെച്ചതും വിവാദമാകുന്നു.
ലോകായുക്തയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സമൂഹത്തിന് ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഈ സംഭവം ഇടയാക്കിയതാ യും മുഖ്യമന്ത്രി പ്രതിയായുള്ള ദുരിതാശ്വാസനിധി യുടെ ദുർവിനിയോഗകേസിലെ ഹർജ്ജിക്കാരനായ ആർ.എസ്.ശശികുമാർ പറഞ്ഞു.
രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ദുരിതാശ്വാസ നിധി കേസ് ലോകായു ക്തയുടെ ഫുൾ ബെഞ്ച് സജീവമായി പരിഗണിക്കുമ്പോൾ മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്താർ വിരുന്നിൽ കേസിന്റെ ന്യായാധിപന്മാർ, പ്രതിയായ മുഖ്യമന്ത്രിയോടൊപ്പം വിരുന്നിൽ പങ്കെടുത്തത് ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് സമാനമാണ്.
ഇഫ്താർ ചടങ്ങ് സംബന്ധിച്ച സർക്കാരിൻറെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ ലോകായുക്തമാരുടെ പേരുകൾ ഒഴിവാക്കിയത് ചടങ്ങിൽ ഇവർ പങ്കെടുക്കാൻ പാടില്ലെന്ന് സർക്കാരിന് തന്നെ ബോധ്യമുള്ളതിനാലാണെന്നത് വ്യക്തമാണ്.
ദുരിതാശ്വാസനിധി കേസ് ഈ മാസം പന്ത്രണ്ടാം തീയതി ആണ് ഫുൾ ബെഞ്ച് പരിഗണിക്കുന്നത്. ഡിവിഷൻ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായമുണ്ടായതിനെതുടർന്ന് ഹർജ്ജി ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് മാറ്റുകയായിരുന്നു. 2019 ജനുവരിയിൽ മൂന്ന് അംഗ ബഞ്ച് തീർപ്പ് കൽപ്പിച്ച കേസിന്റെ മെയിൻറനബിലിറ്റി വിഷയം വീണ്ടും മൂന്ന് അംഗബെഞ്ചിന്റെ തീർപ്പിന് വിട്ട ഡിവിഷൻ ബെഞ്ച് തീരുമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ റിവ്യൂ ഹർജി നൽകിയെങ്കിലും നിയമപ്രകാരം ഹർജിക്ക് നമ്പർ നൽകാൻ പോലും രജിസ്ട്രി കഴിഞ്ഞദിവസം വിസമ്മതിച്ചിരുന്നു. ലോകായുക്തയുടെ മുൻകൂർ അനുമതി ഉണ്ടെങ്കിൽ മാത്രമേ റിവ്യൂ ഹർജി സ്വീകരിക്കാനാവു എന്ന വിചിത്ര നിലപാടാണ് രജിസ്ട്രി സ്വീകരിച്ചത്.
ലോകായുക്ത, പൂർണമായും സർക്കാരിന്റെ സ്വാധീനവലയത്തിൽ പെട്ടിരിക്കുന്നുവെന്നാണ് ഈ നടപടികൾ വ്യക്തമാക്കുന്നത്.