തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകാ യുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജിയിൽ മുഖ്യമായി പരാമർശിച്ചിട്ടുള്ള സിപിഎം ന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപ ലോകായുക്തമാർക്ക് ഹർജ്ജിയിൽ നിഷ്പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്നതിനാൽ വിധി പറയുന്നതിൽ നിന്നും ഉപലോകാ യുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷിദ്, ജസ്റ്റിസ് ബാബു മാത്യു. പി. ജോസഫ് എന്നിവർ ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി ക്കാരനായ
ആർ.എസ്. ശശികുമാർ സെപ്റ്റംബർ 4 ന് ഫയൽ ചെയ്ത ഇടക്കാലഹർജ്ജി ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
2023 സെപ്റ്റംബർ 4 ന് ഫയൽ ചെയ്ത ഇടക്കാല ഹർജ്ജി രണ്ട് മാസത്തിന് ശേഷമാണ് തിങ്കളാഴ്ച പരിഗണിക്കുന്നത്.
ഹർജ്ജികൾ സാധാരണ നമ്പർ ഇട്ടാണ് നൽകുന്നത്. എന്നാൽ പതിവിന് വിരുദ്ധമായി ലോകായുക്ത രജിസ്ട്രി, നമ്പർ കൂടാതെയാണ് പരാതി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്നത്.
വിധി പറയുന്നതിൽ നിന്നും ഉപലോകയുക്തമാർ സ്വയം ഒഴിവാകണമെ ന്ന ഒരു ഹർജ്ജി ലോകയുക്തയുടെ പരിഗണനയ്ക്ക് വരുന്നത് ഇത് ആദ്യമാ യാണ്.
മൂന്ന് മാസം മുൻപ്, കഴിഞ്ഞ ആഗസ്റ്റ് 11നാണ് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഹർജ്ജിയിൽ വാദം പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയത്
ദുരിതാശ്വാസനിധിയിൽ നിന്നും അനർഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹർജ്ജിയിൽ പരാമർശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂർ മുൻ എംഎൽഎ യും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രൻ നായരുമായി ഉപലോകയുക്തമാർക്ക് വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ അടുത്ത സുഹൃത്ത്ബന്ധമുണ്ടെന്ന വിവരം ഹർജ്ജിയിൽ വാദം പൂർത്തിയായ ശേഷമാണ് ഹർജ്ജി ക്കാരന് ബോധ്യപ്പെട്ടതെന്നും, അദ്ദേഹത്തിൻറെ ജീവചരിത്ര സ്മരണികയിൽ ഉപലോകയുക്തമാർ രണ്ടുപേരും ഓർമ്മക്കുറിപ്പുകൾ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹർജ്ജിയിൽ ഇവർ വാദം കേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും, അതുകൊണ്ട് വിധി പറയുന്നതിൽ നിന്നും ഉപലോകയുക്തമാർ രണ്ട് പേരും ഒഴിവാകണമെന്നുമാണ് ഇടക്കാല ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഹർജ്ജി മറ്റൊരു സംസ്ഥാനത്തെ ലോകായുക്തയ്ക്ക് മാറ്റി നൽകാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജിക്കാരൻ ഗവർണർക്കും നേരത്തെ പരാതി നൽകിയിരുന്നു.
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയേയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കി 2018 സെപ്റ്റംബറിലാണ് ലോകായുക്തയിൽ പരാതി നൽകിയത്. 2023 മാർച്ചിൽ, ലോകയുക്തയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെ ടുവിക്കുന്നതിൽ ന്യായാധിപർക്കിടയിലെ അഭിപ്രായ വ്യത്യാസം മൂലം ഹർജ്ജി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
ചെങ്ങന്നൂർ MLA യായിരുന്ന പരേതനായ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയർ ജോലിക്ക് പുറമെ വാഹന വായ്പ, സ്വർണ്ണ പണയ വായ്പ എന്നിവ തിരിച്ചടക്കുന്നതിന് 8.6 ലക്ഷം രൂപയും , NCP നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും , സിപിഎം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ട് മരണപെട്ട സിവിൽ പോലിസ് ഓഫീസറുടെ കുടുംബത്തിന് നിയമ പ്രകാരമുള്ള അനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചുനൽകിയത് ചോദ്യം ചെയ്തുള്ള ഹർജ്ജിയാണ് ലോകായുക്തയിലുള്ളത്.ഈ ഹർജ്ജിയിൽ വാദം പൂർത്തിയാകുന്നതിന് തൊട്ട് മുൻപാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്തതും ഗവർണർ ബില്ലിന് അംഗീകാരം നൽകാതിരിക്കുന്നതും.