2/11/23
കൊച്ചി : യുജിസി റെഗുലേഷൻ പ്രകാരം ഇൻറർവ്യൂ നടത്തി പിഎസ്സിയുടെ അംഗീകാരത്തോടെ തയ്യാറാക്കിയ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽമാരുടെ പട്ടിക പ്രകാരം നിയമിക്കപ്പെട്ട 36 ഗവൺമെൻറ് കോളേജ്പ്രിൻസിപ്പൽമാർ വീണ്ടും അപേക്ഷ സമർപ്പിച്ച് ഇൻറർവ്യൂവിന് ഹാജരാകണമെന്ന സർക്കാർ ഉത്തരവിൽ മേൽനടപടികൾ കൈക്കൊള്ളുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു.
കേരള അഡ്മിഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണറിന്റെ നിർദ്ദേശാനുസരണം സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് തടഞ്ഞത്.
യുജിസി ചട്ട പ്രകാരം ഇൻറർവ്യൂ നടത്തി പ്രിൻസിപ്പൽമാരായി നിയമനം നേടിയ തങ്ങളെ വീണ്ടും ഇൻറർവ്യൂവിന് അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽമാരായ ഡോ:ചിത്ര ത്രിവിക്രമൻ നായർ( ഗവൺമെൻറ് കോളേജ് കാഞ്ഞിരംകുളം), ഡോ: ഷീലാ കുമാരി (ഗവൺമെൻറ് കോളേജ്, നെടുമങ്ങാട്), ഡോ: മഞ്ചു രാമചന്ദ്രൻ (ഗവൺമെൻറ് കോളേജ്,കുളത്തൂർ) എന്നിവരാണ് സീനിയർഅഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയിൽ അപ്പീൽ ഹർജ്ജി ചെയ്തത്.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻറർവ്യൂവിൽ PSC യുടെ അംഗീകാരത്തോടെ തയ്യാറാക്കിയ പ്രിൻസിപ്പൽ നിയമന പട്ടിക വീണ്ടും പരിശോധിക്കാൻ സർക്കാർ അപ്പീൽ കമ്മിറ്റിയെ നിയമിച്ച നടപടിയും ഹർജ്ജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷമായി ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഇൻ ചാർജ് മാരാണ് പ്രിൻസിപ്പൽമാരുടെ ചുമതല വഹിച്ചിരുന്നത്. 66 ഗവൺമെൻറ് കോളേജുകളിൽ 36 ഇടങ്ങളിൽ മാത്രമാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ പ്രിൻസിപ്പൽമാരെ നിയമിച്ചിട്ടുള്ളത്.
ഇവരുടെ നിയമനം തന്നെ സർക്കാർ സ്ഥിരപ്പെടുത്തിയിട്ടില്ല.അപ്പീൽ കമ്മിറ്റി ഉണ്ടാകാൻ നിർദേശം നൽകിയതും, അപ്പീൽ കമ്മിറ്റി അംഗങ്ങളെ നിയമിച്ചതും മന്ത്രി ആണ്.