പുതിയ ചട്ട പ്രകാരം 24 മണിക്കൂറും വൈദ്യുതി ലഭ്യമാവുക എന്നത് ഒരോ ഉപഭോക്താവിന്റെയും അവകാശമാണ്. വിതരണ കമ്പനി മനപ്പൂർവ്വം ലോഡ് ഷെഡിങ് നടപ്പിലാക്കുകയാണെങ്കിൽ ആ വിതരണ കമ്പനിയിൽ നിന്ന് തന്നെ നഷ്ടപരിഹാരം അവകാശപ്പെടാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നാണ് നിയമം വ്യക്തമാക്കുന്നത്.
2020ലെ ഇലക്ട്രിസിറ്റി (ഉപഭോക്താക്കളുടെ അവകാശങ്ങൾ) ചട്ടം അനുസരിച്ച് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനി എല്ലാ ഉപയോക്താക്കൾക്കും 24X7 എന്ന നിലയിൽതന്നെ വൈദ്യുതി നൽകുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി കരട് നിയമങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ടായിരുന്നു.
നിലവിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്ന പലസംസ്ഥാനങ്ങളെയും ബാധിക്കുന്ന നിയമമാണ് ഇത്. നേരത്തെ നിരവധി കോടതികൾ ഇതിനുസമാനമായ നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രം നിർണായക നിയമനിർമാണത്തിലേക്ക് കടന്നിരിക്കുന്നത് തന്നെ.