19/8/22
കൊല്ലം :കുറച്ചു കാലത്തെങ്കിലും സിപിഐക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്നും,ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ മുന്നണിക്ക് തെറ്റ് പറ്റിയെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ .നിലവിലെ നാല് മന്ത്രിമാരും പാടേ പരാജയമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമാണ് പ്രതിനിധി ചര്‍ച്ചയില്‍ നേരിടേണ്ടി വന്നത്.
പ്രധാനപ്പെട്ട പുതിയ വകുപ്പുകള്‍ സിപിഐ സംസ്ഥാന നേതൃത്വം ചോദിച്ച് വാങ്ങുന്നില്ല. സിപിഐയുടെ മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവഗണിക്കുകയാണെന്നും ഉദ്യോഗസ്ഥ നിയമനം അടക്കം ചോദ്യം ചെയ്യുബോൾ ശ്രദ്ധിക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. ആദ്യമായി മന്ത്രി ആയത് കൊണ്ടാണ് കാര്യങ്ങള്‍ അറിയാത്തതെന്ന് പറയുന്നുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍പറഞ്ഞു.
ഇടത് മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോൾ സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണം. ഒന്നോ രണ്ടോ വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നാണ് സമ്മേളനത്തിലെ ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആവശ്യമുയര്‍ത്തിയത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മുന്നേറ്റമുണ്ടാക്കിയെന്നും എന്നാല്‍ സിപിഐക്ക് സീറ്റ് കുറഞ്ഞെന്നും വിലയിരുത്തിയ സമ്മേളനം ഇത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് വിമര്‍ശിച്ചു. ശബരിമല വിഷയത്തില്‍ മുന്നണിക്ക് തെറ്റ് പറ്റിയെന്നും ലോക്സഭ തിരഞ്ഞടുപ്പിന്റെ തോല്‍വിക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന് ബോധോദയം ഉണ്ടായതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.