തിരുവനന്തപുരം :വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പോരാട്ടം കടുപ്പിക്കാൻ കരുത്തരുടെ അന്തിമ പട്ടിക സിപിഎം പ്രസിദ്ധീകരിച്ചു. ഇന്ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ്സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26ന് നടന്നേക്കും. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പോളിറ്റ് ബ്യൂറോ അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
വടകരയില്‍ സാദ്ധ്യത പട്ടികയിലുണ്ടായിരുന്നു കെകെ ശൈലജ തന്നെ മത്സരിക്കും. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണൻ മത്സരിക്കും. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് സ്ഥാനാർത്ഥിയാകും. വിപി സാനു, അഫ്സല് എന്നിവരുടെ പേര് പരിഗണിച്ചെങ്കിലും അപ്രതീക്ഷിതമായി നറുക്ക് വസീഫിന് വീഴുകയായിരുന്നു. ചാലക്കുടിയില്‍ സി രവീന്ദ്രനാഥ് മത്സരിക്കും എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെജെ ഷൈൻ ആയിരിക്കും മത്സരിക്കുക.
സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക
ആറ്റിങ്ങല്‍- വി ജോയ്
കൊല്ലം- എം മുകേഷ്
പത്തനംതിട്ട- തോമസ് ഐസക്
ആലപ്പുഴ- എഎം ആരിഫ്
എറണാകുളം- കെജെ ഷൈൻ
ചാലക്കുടി- സി രവീന്ദ്രനാഥ്
ആലത്തൂർ- കെ രാധാകൃഷ്ണൻ
മലപ്പുറം- വി വസീഫ്
പൊന്നാനി- കെഎസ് ഹംസ
കോഴിക്കോട് – എളമരം കരീം
വടകര- കെകെ ശൈലജ
പാലക്കാട് – എ വിജയരാഘവൻ
കണ്ണൂർ – എംവി ജയരാജൻ
കാസർകോട്- എംവി ബാലകൃഷ്ണൻ
തിരുവനന്തപുരത്ത് പൊതുസ്വതന്ത്രൻ
ദേശീയ ശ്രദ്ധ ആകർഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഡോ.ശശി തരൂരിനെ എതിരിടാൻ സിപിഐ പൊതുസ്വതന്ത്രനെ പരിഗണിക്കുന്നതായി സൂചന. സിപിഎമ്മിനുകൂടി താത്പര്യമുള്ള ഇടത് ചിന്താഗതിയുള്ള സാമൂഹ്യ, സാഹിത്യ രംഗങ്ങളില്‍ ശ്രദ്ധേയരായ വ്യക്തികളെയാണ് പരിഗണിക്കുന്നത്. പന്ന്യൻ രവീന്ദ്രൻ, മന്ത്രി ജിആർ അനില്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഇരുവരും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് പൊതുസ്വതന്ത്രനെ തേടുന്നത്.
തൃശ്ശൂരില്‍ മുൻമന്ത്രി വി.എസ്.സുനില്‍കുമാർ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ത്രികോണ മത്സരം ഉറപ്പായ ഇവിടെ സുനില്‍കുമാറിന് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. വയനാട്ടില്‍ രാഹുല്‍ഗാന്ധി വീണ്ടും മത്സരിച്ചാല്‍ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ആനി രാജയെ അവിടെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാനാണ് ആലോചിക്കുന്നത്. സത്യൻ മൊകേരി, പി.പി.സുനീർ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.