ജെയ്ക്ക് തന്നെ സ്ഥാനാർഥി..1 min read

12/8/23

കോട്ടയം: ജെയ്‌ക്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ സിപിഎം. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ജെയ്‌ക്കിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിയിച്ചത്.

പ്രചാരണത്തിനും പുതിയൊരാള്‍ക്ക് കളം പിടിക്കാനും സമയം കുറവായതിനാല്‍ ജെയ്ക്ക് മത്സരിക്കുന്നതാകും ഉചിതമെന്ന് ജില്ലാഘടകം അറിയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് അംഗീകരിച്ചിരുന്നു. കഴിഞ്ഞതവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ ജെയ്ക്കിന് സാധിച്ചതും പരിഗണിച്ചു.

കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും കണക്കുകള്‍ കഥപറയട്ടെയെന്നും ജെയ‌്ക്ക് പ്രതികരിച്ചു. പുതുപ്പള്ളിയിലെ ജനങ്ങള്‍ പ്രബുദ്ധതയോടെ അവലോകനം നടത്തുമെന്ന പ്രതീക്ഷയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പങ്കുവച്ചു.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെൻഷൻ പുതുപ്പള്ളിയില്‍ ഈ മാസം 16ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ പ്രചാരണത്തിനെത്തും. അദ്ദേഹത്തിന്റെ സൗകര്യം നോക്കി തീയതി തീരുമാനിക്കും.

സംസ്ഥാന സെക്രട്ടേറിയറ്റിലെ എല്ലാ അംഗങ്ങള്‍ക്കും ചുമതലകള്‍ വിഭജിച്ചു നല്‍കും. മന്ത്രിമാരും എം.എല്‍.എമാരും മണ്ഡലം കേന്ദ്രീകരിച്ച്‌ പ്രചാരണം നടത്തും. താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി വി.എൻ. വാസവൻ, കെ.കെ. ജയചന്ദ്രൻ, പി.കെ. ബിജു എന്നിവര്‍ അവിടെ ക്യാമ്പ്   ചെയ്ത് പ്രവര്‍ത്തിക്കും.

രണ്ട് തവണ ഉമ്മൻ ചാണ്ടിയോട് തോറ്റ ജെയ്ക്ക് സി. തോമസിനോട് വോട്ടര്‍മാര്‍ സഹതാപം കാട്ടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് പദവികള്‍ ജെയ്ക്ക് വഹിച്ചിട്ടുണ്ട്. 2016ലും 21ലുമാണ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനെതിരെ മത്സരിക്കുന്നുവെന്നതും പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *