സ്ഥാനാർഥിത്വം വലിയ ഉത്തരവാദിത്തമാണെന്ന് ചാണ്ടി ഉമ്മൻ1 min read

8/8/23

പുതുപ്പള്ളി :തനിക്ക് ലഭിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ചാണ്ടി ഉമ്മൻ.ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ ഭരണവും,വികസനം ഉള്‍പ്പെടെ ചര്‍ച്ചയാകും. മരണം വരെ ഉമ്മൻചാണ്ടി ജീവിച്ചത് കോണ്‍ഗ്രസിന് വേണ്ടിയാണ്. പിതാവിൻ്റെ വഴിയേ തന്നെ വിജയിക്കുക എന്നത് തന്റെ കടമയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

‘എന്റെ പിതാവ് 53 വര്‍ഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്നു പ്രവര്‍ത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പുതുപ്പള്ളിയിലെ സാധാരണക്കാരുടെ ജീവിതത്തിന് മാറ്റം കൊണ്ടുവരാനും അവര്‍ക്ക് കൈത്താങ്ങാകാന്‍ അവരുടെ എം.എല്‍.എയ്ക്ക് എന്നും സാധിച്ചിരുന്നു. അപ്പ മരിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ്, ആളുകള്‍ക്ക് ആ വൈകാരികത ഉണ്ടാവും’- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകം തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കഴിഞ്ഞു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസി നേതാക്കളുമായി നടത്തിയ ചര്‍‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പേരുമാത്രമാണ് ഉയര്‍ന്നുവന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ 53 വര്‍ഷക്കാലമായി ഉമ്മന്‍ചാണ്ടിയിലൂടെ യുഡിഎഫ് നേടിയിരുന്ന പുതുപ്പള്ളി മണ്ഡലം മകന്‍ ചാണ്ടി ഉമ്മനിലൂടെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ഉമ്മന്‍ചാണ്ടിയ്ക്ക് മണ്ഡലത്തിലുടനീളമുള്ള ജനകീയ മുഖം വോട്ടാകുമെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹി സെന്റ് സ്റ്റീഫൻസ് കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ ചാണ്ടി ഉമ്മൻ, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ക്രിമിനോളജി, കോണ്‍സ്റ്റിറ്റ്യൂഷൻ ആന്‍ഡ് അഡ്മിനിസ്ട്രേഷനില്‍ നിയമ ബിരുദം നേടി. ലണ്ടൻ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്ന് രണ്ട് സമ്മര്‍ കോഴ്സുകളും നേടിയിട്ടുണ്ട്.

പുതുപ്പള്ളിയില്‍ സഹതാപമല്ല, രാഷ്ട്രീയമാണ് ചര്‍ച്ചയാവുകയെന്ന് എം വി ഗോവിന്ദൻ

കെപിസിസി അംഗമായ ചാണ്ടി ഉമ്മൻ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച്‌ സെല്‍ ചെയര്‍മാനാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന ചാണ്ടി ഉമ്മൻ ഭാരത് ജോഡോ യാത്രയില്‍ മുഴുവൻ സമയം പങ്കെടുത്തിരുന്നു.

പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിര്‍ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *