കുസാറ്റ്  വിസിക്ക്‌ പകരക്കാരനായില്ല ;സർക്കാർ പകരക്കാരനെ ഇതുവരെ നിർദ്ദേശിച്ചില്ല, താൽക്കാലിക വിസി നിയമനങ്ങളിൽ സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കി ഗവർണർ1 min read

25/4/23

തിരുവനന്തപുരം :ഇന്നലെ കാലാവധി അവസാനിച്ച കുസാറ്റ് വിസി യുടെ പകരചുമതല സർക്കാർ നിർദ്ദേശം കൂടാതെ നൽകുന്നതിൽ ഗവർണർക്ക് അതൃപ്തിയായതിനാൽ ഇന്നലെ മുതൽ വിസി യുടെ ചുമതല ആർക്കും നൽകിയിട്ടില്ല.

കാലാവധി അവസാനിച്ച വിസി യും പിവിസിയും വിരമിക്കുന്നതിന് മുമ്പ് ഗവർണറെ സന്ദർശിക്കാൻ അനുമതി ചോദിച്ചിരുന്നുവെങ്കിലും അവർക്ക് അനുമതി നൽകിയില്ല . സുപ്രീംകോടതി വിധിയെത്തുടർന്ന് ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയവരിൽ കുസാറ്റ് വിസി യും ഉൾപ്പെട്ടിരുന്നു.

പകരം ചുമതല നൽകുന്നതിന് എല്ലാ സർവകലാശാലകളിൽ നിന്നുമുള്ള സീനിയർ പ്രൊഫസ്സർമാരുടെ പാനൽ രാജ്ഭവൻ ഓഫീസ് ശേഖരിച്ചിരുന്നു
വെങ്കിലും, സാങ്കേതിക സർവ്വകലാശാല വിസി യുടെ ചുമതല സർക്കാരിനെ അവഗണിച്ച് ഗവർണർ നടത്തിയതിനെ തുടർന്ന് ഡോ:സിസാ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത് ഗവർണർക്ക് തന്നെ തിരിച്ചടിയായി. അക്കാര്യത്തിൽ ഗവർണർ നിസ്സഹായനായ അനുഭവമാണ് കുസാറ്റ് താൽക്കാലിക വിസി നിയമനകാര്യത്തിൽ സർക്കാർ താൽപ്പര്യം ആരായാൻ ഗവർണറെ പ്രേരിപ്പിച്ചത്.

അടുത്ത മാസം കാലാവധി കഴിയുന്ന എംജി വിസിക്ക് പകരവും, അദ്ദേഹം തന്നെ ചുമതല വഹിക്കുന്ന മലയാളം വിസി സ്ഥാനത്തേക്കും ആർക്ക് ചുമതല നൽകണമെന്ന് സർക്കാരിനോട് കാലേകൂട്ടി ആരായാനും രാജ്ഭവൻ തീരുമാനിച്ചിട്ടുണ്ട്.

ആക്ഷേപം ഒഴിവാക്കാൻ ഏറ്റവും സീനിയർ ആയ പ്രൊഫസ്സർക്ക് വിസി യുടെ താൽക്കാലിക ചുമതല നൽകുക എന്ന ഉദ്ദേശത്തിലാണ് രാജ്ഭവൻ സീനിയർ പ്രൊഫസ്സർമാരുടെ പട്ടിക ശേഖരിച്ചതെങ്കിലും ആ നിർദ്ദേശത്തോട് സർക്കാരിന് താൽപ്പര്യക്കുറവുണ്ട്.

ഗവർണറുടെ കാലാവധി അടുത്ത വർഷം കഴിയുന്നതുവരെ സർക്കാറിന് താൽപ്പര്യമുള്ളവർക്ക് വിസി യുടെ താൽക്കാലിക ചുമതല തുടരുകയാണ് അഭികാ മ്യമെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിസി നിയമനം സർക്കാർ ഉദ്ദേശിക്കുന്നവർക്ക് ലഭിക്കുന്നതിന് സേർച്ച്‌ കമ്മിറ്റിയുടെ ഘടന ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമസഭ പാസ്സാക്കിയ ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കാത്തതുകൊണ്ട് നിലവിലെ സെർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റിപ്രതിനനിധിയെ നൽകുന്നത് സിപിഎം രാഷ്ട്രീയമായി തടഞ്ഞിട്ടുണ്ട്. അതുകൊണ്ട്തന്നെ ഗവർണർക്ക് സേർച്ച്‌ കമ്മിറ്റി രൂപീകരിക്കാൻ ആവില്ല.

എല്ലാ സർക്കാർ കോളേജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാതെ പ്രിൻസിപ്പൽമാരുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നതിന് സമാനമായാണ് സർവ്വകലാശാലകളിൽ വിസി മാരും ചുമതല വഹിക്കുക.
കേരള, സാങ്കേതിക, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമം, കുസാറ്റ്, മലയാളം എന്നീ യൂണിവേഴ്സിറ്റികളിൽ സ്ഥിരം വിസി മാരില്ല.
MG വിസി മെയിൽ വിരമിക്കും. കണ്ണൂർ, കാലിക്കറ്റ്, സംസ്കൃത വിസി മാർക്കെതിരെയുള്ള ക്വാവാറണ്ടോ ഹർജ്ജി കൾ കോടതിയുടെ സജീവ പരിഗണയിലാണ്.
പ്രസ്തുത വിസി മാർക്കും ഓപ്പൺ, ഡിജിറ്റൽ വിസി മാർക്കും ഗവർണർ നൽകിയിരിക്കുന്ന പിരിച്ചുവിടൽ നോട്ടീസ് കോടതി ഇടപെടലിനെ തുടർന്ന് തടഞ്ഞുവച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *