ഡി.ജി.പി ഡോ. ടി.കെ. വിനോദ് കുമാർ ഞായറാഴ്ച വിരമിക്കുന്നു1 min read

 

തിരുവനന്തപുരം :ഡി.ജി.പിയും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മേധാവിയുമായ ഡോ. ടി.കെ. വിനോദ് കുമാർ ഞായറാഴ്ച സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കും.

1992 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ വിനോദ് കുമാർ ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയശേഷം ഓ.എൻ.ജി.സിയിൽ ജോലി ചെയ്യവേയാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. കൊല്ലം, കട്ടപ്പന, തിരുവനന്തപുരം കന്റോൺമെന്റ് എന്നീ സബ് ഡിവിഷനുകളിൽ എ.എസ്.പി ആയും തിരുവനന്തപുരം റൂറൽ, കോട്ടയം, എറണാകുളം റൂറൽ, പാലക്കാട് ജില്ലകളിലും ക്രൈംബ്രാഞ്ചിലും എസ്.പി യായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചു. കെ.എ.പി നാല്, അഞ്ച് ബറ്റാലിയനുകളിലെ കമാണ്ടന്റായിരുന്നു. ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിൽ ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തസ്തികകളിലും ഇൻറലിജൻസ് മേധാവിയായി ആറു വർഷത്തിലേറെയും പ്രവർത്തിച്ചു.

സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചു. യു.എൻ മിഷന്റെ ഭാഗമായി ബോസ്നിയ, സിയാറ ലിയോൺ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ക്രിമിനൽ ജസ്റ്റിസ് വിഷയത്തിൽ അമേരിക്കയിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന് 2011ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും 2021ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.

വിരമിക്കുന്ന ഡി.ജി.പിക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *