ധനുവച്ചപുരം: നവീകരണം നടക്കുന്ന അമരവിള- കാരക്കോണം റോഡിലാണ് വൈദ്യുത തൂണുകൾ മാറ്റാതെയുള്ള ടാറിങ് അടക്കമുള്ള ജോലികൾ പുരോഗമിക്കുന്നത്. തിരക്കേറിയ റോഡിന്റെ ഉള്ളിലേക്ക് കയറി നിൽക്കുന്ന വൈദ്യുതി തൂണുകൾ വലിയ രീതിയിൽ അപകട ഭീഷണി ഉയർത്തുകയാണ്.
റോഡിനിരുവശങ്ങളിലായി പണി ചെയ്തു കൊണ്ടിരിക്കുന്ന ഓടയിൽ നിന്നും മാറി റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന സ്ഥിതിയിലാണ് പലസ്ഥലങ്ങളിലെയും വൈദ്യുത തൂണുകൾ. ധനുവച്ചപുരത്തിന് സമീപം ഓടക്ക് നടുവിലായി തന്നെ വൈദ്യുത പോസ്റ്റുകൾ ഉണ്ട്. ഇങ്ങനെ ഓടക്ക് നടുവിൽ പോസ്റ്റുകൾ നിൽക്കുന്നത് കാരണം വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സം സൃഷ്ടിക്കുന്നു. കെഎസ്ഇബിക്ക് വൈദ്യുത തൂണുകൾ മാറ്റുന്നതിലേക്കുള്ള തുക കൈമാറാൻ വൈകുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. റോഡിനുള്ളിലേക്ക് കയറി നിൽക്കുന്ന പോസ്റ്റുകൾ കാരണം രാത്രി സമയങ്ങളിൽ അപകടസാധ്യത സൃഷ്ടിക്കുന്നു.
ഈ റോഡിന്റെ പണിയും വശങ്ങളിലെ ഓട നിർമ്മിക്കലും ഭൂരിഭാഗം സ്ഥലങ്ങളിലും കഴിഞ്ഞതോടെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിലേക്ക് ഇനി ഇരട്ടി തുക ചെലവ് വരും എന്ന സ്ഥിതിയിലായിട്ടുണ്ട്.