തിരുവനന്തപുരം :ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 9-ാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന വിവിധ പരിപാടികൾക്ക് സമാപനമായി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യമാണ് എല്ലാ സമ്പത്തിനേക്കാളും വലുതെന്നും അത് കാത്തുസൂക്ഷിക്കാൻ ആയുർവേദവും നല്ല ജീവിതശൈലികളും പിന്തുടരണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന, ക്വിസ്, റീൽസ് മത്സരവിജയികൾക്ക് കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു. കളക്ട്രേറ്റിൽ നടത്തിയ ആരോഗ്യ ആഹാര പാചക മത്സരവും പ്രദർശനവും വ്യത്യസ്തമായ വിഭവങ്ങൾകൊണ്ടും രുചിവൈവിധ്യം കൊണ്ടും ശ്രദ്ധയാകർഷിച്ചു. കളക്ടറേറ്റിലെ ജീവനക്കാർക്കായി ജീവിതശൈലി രോഗ സ്ക്രീനിംഗ് ക്യാമ്പ് നടത്തി.
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജിത അതിയേടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബിൻസിലാൽ ജി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശിവകുമാരി പി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ആശാ വിജയൻ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്, കളക്ട്രേറ്റ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് അനിൽ കുമാർ, നെയ്യാറ്റിൻകര ഗവ.ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മിനി എസ്.പൈ എന്നിവർ സംസാരിച്ചു. ഒക്ടോബർ 29ന് വർക്കല ജില്ലാ ആശുപത്രിയിൽ വിളംബര ജാഥയോടുകൂടിയാണ് ആയുർവേദ വാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.