തിരുവനന്തപുരം :അരുവിക്കര മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ ആര്യനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലെ മങ്ങാട്ടുപാറ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്ന് ജി. സ്റ്റീഫന്‍ എം.എല്‍.എ. ജില്ലയുടെ വികസന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രൈബല്‍ മേഖലയായ ബോണക്കാട് സബ്‌സെന്റര്‍ തുടങ്ങുന്നത് സംബന്ധിച്ച് പ്രത്യേക പരിഗണന നല്‍കണമെന്ന് ആരോഗ്യ വകുപ്പിന് നിര്‍ദേശം നൽകി. തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി ഭദ്രംവെച്ചപാറ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ വകുപ്പ് ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു. മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. അരുവിക്കര മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ചില മേഖലകളിലേക്ക് വെള്ളം വിതരണം ചെയ്യുന്നതിലുണ്ടാകുന്ന വീഴ്ച പരിഹരിക്കാനായി വാട്ടര്‍ അതോറിറ്റി അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്നും എം.എല്‍. എ നിര്‍ദേശിച്ചു.
നഗരപരിധിയിലെ റോഡുകളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും വഴിവിളക്കുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അറ്റകുറ്റപണികള്‍ കൃത്യമായി നടപ്പാക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ വി.കെ പ്രശാന്ത് എം. എല്‍.എ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ കാച്ചാണി, പേരൂര്‍ക്കട റോഡുകളുടെ നിര്‍മാണ പുരോഗതിയും അദ്ദേഹം വിലയിരുത്തി. കളക്ട്രേറ്റ് ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട കവാടത്തിന്റെ നിര്‍മാണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് യോഗത്തില്‍ അദ്ദേഹം അറിയിച്ചു. വേനല്‍ക്കാലത്ത് പാര്‍ക്കുകളുടെ പരിപാലനം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ യോഗം ചേരണമെന്ന് വി. കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. നഗരപരിധിയില്‍ അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ കാലതാമസമില്ലായെന്ന് ഉറപ്പുവരുത്തി. ഉള്ളൂര്‍, ആക്കുളം, ശ്രീകാര്യം എന്നിവിടങ്ങളില്‍ വെള്ളം മുടങ്ങുന്നതും യോഗം ചര്‍ച്ച ചെയ്തു. കാപ്പില്‍ ബീച്ചില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്നതിനാല്‍ ലൈഫ് ഗാര്‍ഡിന്റെ സേവനം തിങ്കളാഴ്ച മുതല്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പ്രേംജി. സി അധ്യക്ഷനായിരുന്നു. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സജി കുമാര്‍ എസ്.എല്‍, എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.