തിരുവനന്തപുരം :ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 2023 മാര്‍ച്ച് മാസത്തെ പൊതുപരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളേയും നൂറുമേനി വിജയം കൈവരിച്ച സ്‌കൂളുകളേയും അനുമോദിക്കുന്നതിനായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം എ.എ റഹീം എം.പി നിര്‍വഹിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയിലായിരുന്ന കാലത്തു നിന്നും സ്മാര്‍ട്ട് ക്ലാസ് റൂമുകളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് എം.പി പറഞ്ഞു.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 5 ,186 കുട്ടികള്‍ക്കും നൂറുമേനി വിജയം നേടിയ 116 സ്‌കൂളുകള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ ആദരവ് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ കേരള യൂണിവേഴ്സിറ്റിയുടെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് ഡയറക്ടര്‍ ഡോ.എം.എ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്.സുനിത, എം.ജലീല്‍, അധ്യാപകര്‍ തുടങ്ങിയവരും പങ്കെടുത്തു.