മെറ്റയുടെ പുതിയ പദ്ധതി വാട്സ്ആപ്പിൽ നിന്നും വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണെന്ന് റിപ്പോർട്ട്
ഗൂഗിളിൽ തിരയുമ്പോഴും,യൂട്യൂബിലും മറ്റും വീഡിയോകൾ കാണുമ്പോഴും, പരസ്യങ്ങൾ ദൃശ്യമാകാറുണ്ട്. ഇവയിൽ ഭൂരിഭാഗവും ഉപഭോക്താക്കൾക്ക് വളരെ അരോചകം തന്നെയാണ്. എന്നാൽ, വാട്സ്ആപ്പിലും കൂടി പരസ്യം എത്തിയാലോ? കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും, ഇത് സംബന്ധിച്ച സജീവ ചർച്ചകൾക്ക് മെറ്റ തുടക്കമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാറ്റുകൾക്കിടയിൽ പരസ്യങ്ങൾ എങ്ങനെ കാണിക്കാം എന്നതിനെക്കുറിച്ചാണ് മെറ്റ കോർപ്പറേഷന്റെ ടീം ചർച്ചകൾ സംഘടിപ്പിക്കുന്നത്. ചാറ്റ് ലിസ്റ്റിന് ഇടയിലായാണ് പരസ്യങ്ങൾ ദൃശ്യമാകാൻ സാധ്യതയുള്ളത്.
വാട്സ്ആപ്പിൽ നിന്നും വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ പുതിയ പദ്ധതി. ഉപഭോക്താക്കൾക്കായി തുടരെത്തുടരെ അപ്ഡേറ്റുകൾ പുറത്തിറക്കുന്നതിനാൽ, മെറ്റ എപ്പോൾ വേണമെങ്കിലും ചാറ്റുകൾക്കിടയിൽ പരസ്യങ്ങൾ എത്തിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച് മെറ്റ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ, എളുപ്പത്തിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് സൂചന. ഇതിനുപുറമേ, വാട്സ്ആപ്പ് ഉപയോഗിക്കാൻ സബ്സ്ക്രിപ്ഷൻ ഫീസ് ഈടാക്കണോ എന്ന കാര്യവും മെറ്റയുടെ ആലോചനയിൽ ഉള്ളതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.