കെ.എൻ. അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി1 min read

 

തിരുവനന്തപുരം: ഗവൺമെൻ്റ് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സെക്ഷൻ ഓഫീസർ കെ.എൻ. അശോക് കുമാറിനെ തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറുടെ എല്ലാ ചുമതലയിൽ നിന്നും ഒഴിവാക്കി. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് മാതൃകപെരുമാറ്റ ചട്ടം ചുമതലയുള്ള സബ്കളക്ടർ ഡോ. അശ്വനി ശ്രീനിവാസ് ആണ് ഉത്തരവ് പുറപ്പെടു പ്പിച്ചത്.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ “കണ്ണാടി” എന്ന പേരിൽ ലഘുലേഖ വിതരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഇലക്ഷൻ ലീഗൽ കൺവീനർ അഡ്വ.ജെ.ആർ.പത്മകുമാർ പരാതി നൽകിയിരുന്നു. പരാതിയോടൊപ്പം ലഘുലേഖയുടെ പകർപ്പും സമർപ്പിച്ചു.
ഈ ലഘുലേഖ 2024 ഫെബ്രുവരി മാസത്തിലാണ് പ്രസിദ്ധീകരിച്ചതെന്നും മാതൃകാ പെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിന് മുമ്പ് 2024 മാർച്ച് ആദ്യ വാരത്തിൽ തന്നെ ഇതിൻ്റെ വിതരണം പൂർത്തിയാക്കിയെന്നും ഹിയറിംഗിലും മൊഴിയിലും കെ.എൻ. അശോക് കുമാർ വാദിച്ചു. അരുവിക്കര എൽഎസിയിൽ പ്രിസൈഡിംഗ് ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും ഒന്നാം തല പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രേഖകൾ പരിശോധിച്ച മാതൃകാ പെരുമാറ്റ ചട്ടം നോഡൽ ഓഫീസർ കെ.എൻ. അശോക് കുമാറിന്റെ വാദം തള്ളികളഞ്ഞു. ലഘുലേഖയുടെ പ്രസിദ്ധീകരണവും വിതരണവും എംസിസി ആരംഭിക്കുന്നതിന് മുമ്പാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും. ലഘുലേഖയിലെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രചാരണത്തെ സൂചിപ്പിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ പേരിലുള്ള ലഘുലേഖകൾ ഇപ്പോൾ പ്രചാരത്തിലില്ല എന്നോ രാഷ്ട്രീയ പ്രചാരണത്തിന് ലഭ്യമല്ലെന്നോ വിശ്വസിക്കാൻ കഴിയില്ല. അതിനാൽ അദ്ദേഹത്തെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കേണ്ടത് തെരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസർ എന്ന സുപ്രധാന പദവി വഹിക്കുന്ന അദ്ദേഹത്തിൻ്റെ വസ്തുനിഷ്ഠത, നിഷ്പക്ഷത എന്നിവയിൽ ന്യായമായ സംശയം ഉണ്ടാക്കുമെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കെ.എൻ. അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽ നിന്നും എച്ച്‌പിസി 2024-ലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കാൻ അരുവിക്കര എൽഎസി, നോഡൽ ഓഫീസർ, മാൻപവർ മാനേജ്‌മെൻ്റ്, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറോട് നിർദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *