4/8/22
എറണാകുളം :അവധി പ്രഖ്യാപിക്കാൻ വൈകിയതിന് ജില്ലാ കളക്ടർ രേണു രാജിനെതിരെ ബാലവകാശ കമ്മീഷനിൽ പരാതി.ബൈജു നോയൽ എന്നയാളാണ് പരാതികാരൻ. പകുതി കുട്ടികളുടെ പഠനം മുടക്കി എന്നാണ് പ്രധാന പരാതി.
സ്കൂൾ അവധികൾ നേരത്തെ പ്രഖ്യാപിക്കുകയാണ് നല്ലതെന്ന് മന്ത്രി. കെ. രാജൻ പറഞ്ഞു. എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈകി പ്രഖ്യാപിച്ച അവധിയിൽ കുട്ടികളും രക്ഷിതാക്കളും വലഞ്ഞു. മിക്ക സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ എത്തിയ ശേഷമാണ് 8.25ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ‘കളക്ടറെന്താ ഉറങ്ങിപ്പോയോ? ഉത്തരവാദിത്വമില്ലാത്ത കളക്ടര്‍ തുടങ്ങിയ നിരവധി കമന്റുകളാണ് രേണു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മഴ കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് മാത്രമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.എന്നാൽ ജില്ലയില്‍ മഴ കനത്തതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. ഒടുവില്‍ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ സ്‌കൂളിലേയ്ക്കയച്ചു. അതുകൊണ്ടു തന്നെ അവധി പ്രഖ്യാപിച്ചെങ്കിലും അതിന്റെ യാതൊരു ഗുണവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മിക്ക സ്‌കൂളുകളും കളക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളുകളൊന്നും അടയ്ക്കണ്ടെന്നു വിശദീകരിച്ച് കളക്ടര്‍ വീണ്ടും രംഗത്തെത്തിയതോടെ അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുട്ടികളെ വിളിക്കാന്‍ സ്‌കൂളിലെത്തിയ മാതാപിതാക്കളും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.