തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെയുള്ള Sfio അന്വേഷണത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതിൽ പ്രതിക്ഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.അടിയന്തരപ്രമേയത്തിന് ചട്ടപ്രകാരം അനുമതി നല്കാൻ സാദ്ധ്യമല്ലെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലെത്തി ബാനർ ഉയർത്തി പ്രതിഷേധിച്ചു. പിന്നാലെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങുകയായിരുന്നു.
നിയമസഭയില്‍ ചോദ്യോത്തരവേള തുടങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത്. റൂള്‍ 53 പ്രകാരം അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടമെന്ന് സ്പീക്കർ വ്യക്തമാക്കി അടിയന്തരപ്രമേയം തള്ളുകയായിരുന്നു.
മുഖ്യമന്ത്രിക്ക് നേരെ ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതെന്നും അതിനാല്‍ അദ്ദേഹം ഈ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.’ഈ വിഷയം ഞങ്ങള്‍ ഇന്ന് നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ഒളിച്ചോടുകയാണ് ചെയ്തത്. ഭരണകക്ഷിയംഗങ്ങളാണ് സഭയില്‍ ബഹളം വച്ചത്. സത്യത്തില്‍ ഇന്നത്തെ സഭാനടപടികള്‍ക്ക് തടസം സൃഷ്ടിച്ചത് അവരാണ്.കാരണം മുഖ്യമന്ത്രിക്കെതിരായി സംസ്ഥാനത്തോ റോഡുകളിലോ നിയമസഭയിലോ പ്രതിഷേധിക്കാൻ പാടില്ലെന്നാണ് അവർ പറയുന്നത്. ഇതിലൂടെ ഭരണപക്ഷം പ്രതപക്ഷത്തിന്റെ അവകാശം നിഷേധിക്കുകയാണ്’- വിഡി സതീശൻ പ്രതികരിച്ചു.