തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഗുരുതര കുറ്റങ്ങൾ നിരത്തി ROC റിപ്പോർട്ട്.സി.എം.ആര്.എല്ലില്‍ നിന്ന് എക്സാലോജിക് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന ഒരുരേഖയും കമ്പനിക്ക് ഹാജരാക്കാനിയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2017ല്‍ എക്സാലോജിക്കും സി.എം.ആര്.എല്ലും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടൻസി സേവനങ്ങള്‍ക്കായി ഉണ്ടാക്കിയ കരാറാണ് വിവാദമായത്. ഇതുപ്രകാരം വീണ വിജയന് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സി.എം.ആര്.എല്‍ നല്കിവന്നിരുന്നു. എന്നാല്‍, പണം നല്കിയ ഈ കാലയളവില്‍ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനങ്ങള്‍ സി.എം.ആര്.എല്ലിനു നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇടപാടില്‍ അഴിമതി ആരോപണമുയര്‍ന്നത്.
തുടര്‍ന്ന് ബംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനിസ് (ആര്.ഒ.സി) എക്സാലോജിക്കിനോട് വിശദീകരണം തേടി. എന്നാല്‍, ഇതിനുള്ള മറുപടിയില്‍ സി.എം.ആര്.എല്ലില്‍ നിന്ന് കിട്ടിയ പണത്തിന് ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന വിവരം മാത്രമാണ് എക്സാലോജിക് കമ്പനി ആര്.ഒ.സിക്ക് നല്‍കിയത്.
സോഫ്റ്റ് വെയര്‍ സര്‍വിസ് ആവശ്യപ്പെട്ട് സി.എം.ആര്.എല്‍ പരസ്യം നല്‍കിയതിന്റെയോ സിഎംആര്‍എല്‍- എക്സാലോജിക് ആശയവിനിമയത്തിന്റെയോ രേഖകള്‍ സമര്‍പ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തില്‍ പറയുന്നത്. ഇതിന്റെ കരാര്‍ പോലും കമ്പനി കള്‍ക്ക് ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പണം കിട്ടിയെന്നതിനുള്ള തെളിവും എക്ലാലോജിക്കക് ഹാജരാക്കിയിട്ടില്ല.
പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് ആര്.ഒ.സിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എല്‍. ഇടപാട് നടത്തുമ്പോൾ കമ്പനീസ് ആക്ട് പ്രകാരം അത് ബോര്‍ഡിനെ അറിയിക്കണം. എന്നാല്‍, വിണവിജയന്റെ കമ്ബനിയുമായുള്ള ഇടപാട് സിഎംആര്‍എല്‍ ബോര്‍ഡിനെ അറിയിച്ചിരുന്നില്ല. കൂടുതല്‍ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സി.എം.ആര്.എല്ലിന്റെയും ഇടപാടുകള്‍ പരിശോധിക്കണമെന്ന് ആര്.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനുപിന്നാലെയാണ് കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദമായ അന്വേഷണം പ്രഖ്യാപിച്ചത്. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനിസ്(ആര്.ഒ.സി) വരുണ്‍ ബി.എസ്, ചെന്നൈ വിഭാഗം ഡയരക്ടര്‍ കെ.എം ശങ്കര്‍ നാരായണ്‍, പുതുച്ചേരി ആര്.ഒ.സി എ. ഗോകുല്‍നാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. സി.എം.ആര്.എല്‍ വീണയുടെ കമ്പനിക്ക് നല്കിയ തുകയെക്കുറിച്ച് ഉള്‍പ്പെടെ ഇവര്‍ അന്വേഷിക്കും. നാലു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
സി.എം.ആര്.എല്‍ ഡയരക്ടര്‍ ശശിധരൻ കര്‍ത്ത ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിനു നല്കിയ മൊഴിയാണ് കണ്ടെത്തലിന്റെ അടിസ്ഥാനം. 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്സാലോജിക്കിനു നല്‍കിയതായാണ് റിപ്പോര്‍ട്ട്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണു പണമിടപാട് നടന്നത്.