ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗം :അഴിമതി നടന്നിട്ടില്ലെന്ന് ലോകായുക്ത, പ്രതീക്ഷിച്ച വിധിയെന്ന് പരാതിക്കാരൻ1 min read

തിരുവനന്തപുരം :ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. പണം നല്‍കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിച്ചു.

അഴിമതിക്ക് തെളിവില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി. ഉപലോകായുക്തമാര്‍ വിധിപറയരുതെന്ന ഹര്‍ജിക്കാരന്റെ അപേക്ഷയും തള്ളിയിട്ടുണ്ട്.

ലോകായുക്ത ഫുള്‍ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.വിധിയില്‍ അത്ഭുതമില്ലെന്നായിരുന്നു ഹര്‍ജിക്കാരൻ ആര്‍ എസ് ശശികുമാര്‍ പ്രതികരിച്ചത്. ലോകായുക്തയില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്നും ലോകായുക്ത മുട്ടിലിയഴുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേസില്‍ മാര്‍ച്ച്‌ 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് ഫുള്‍ ബെഞ്ചിലേക്ക് വിട്ടത്.മുഖ്യമന്ത്രിക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കുമെതിരെ 2018ലാണ് ഹര്‍ജി ഫയല്‍ ചെയ്‌തത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പണം നല്‍കിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. 2019ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ചാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

എൻ.സി.പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുൻ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാൻ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന് അകമ്ബടി പോയ വാഹനം അപകടത്തില്‍ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികള്‍ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *