ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ; സർക്കാർ നിലപാട് പുന:പരിശോധിക്കണം :യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറഷൻ1 min read

 

തിരുവനന്തപുരം :ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള യാതൊരുവിധ ചെലവുകളും സർക്കാരിന്റെ ബാധ്യതയല്ലായെന്ന തീരുമാനം പുനപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫെഡറേഷൻ ഓഫ് കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ്.

ശമ്പളത്തിനും പെൻഷൻ വിതരണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി സർക്കാരിനെ മാത്രം ആശ്രയിക്കുന്നവയാണ് കേരളത്തിലെ പൊതു സർവകലാശാലകൾ. ഗ്രാന്റ് -ഇൻ – എയ്ഡ് – സാലറി എന്ന ബഡ്ജറ്റ് ശീർഷകത്തിൽ നിന്നും അനുവദിക്കുന്ന തുക സർക്കാരിന്റെ ബാധ്യതയല്ലെന്ന നിലപാട് അപഹാസ്യമാണ്.

സർക്കാരി ന്റെ പൊതു തീരുമാനം സർവകലാശാലകളിലും ബാധകമാക്കുകയാണെങ്കിൽ അത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സർവ്വകലാശാലകളിലെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ സ്തംഭിക്കും. വരുമാനം വർദ്ധിപ്പിക്കുവാൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചാൽ അത് നിർധനരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതിന് കാരണമാകും.

പതിറ്റാണ്ടുകളായി വിവിധ സർക്കാരുകൾ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്ക് നൽകി വന്നിരുന്ന ധനസഹായത്തിൽ നിന്നും പിന്മാറുന്നത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ്.

കഴിഞ്ഞ മൂന്നു ബഡ്ജറ്റുകളിലായി സംസ്ഥാന സർക്കാർ സർവകലാശാലകൾക്ക് ഗ്രാന്റ് വർദ്ധനവ് നൽകുന്നില്ല എന്ന് മാത്രമല്ല ബഡ്ജറ്റിൽ അനുവദിച്ച തുകപോലും കവർന്നെടുക്കുകയും ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട സംസ്ഥാനത്തെ സർവ്വകലാശാലകളെ സംരക്ഷിക്കുന്നതിന് പകരം അവയെ തകർക്കുവാനുള്ള സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. കലാമണ്ഡലം കല്പിത സർവ്വകലാ ശാലയിൽ കഴിഞ്ഞ ഒരുവർഷമായി ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ല.

പെൻഷനും എൻ. പി എസ് വിഹിതം അടക്കുവാനും സർവ്വകലാശാലകൾ പെൻഷൻ ഫണ്ട് രൂപീകരിക്കണ മെന്ന് മൂന്നുവർഷം മുൻപിറക്കിയ സർക്കാർ ഉത്തരവിന്റെ തനിയാവർത്തനമാണ് ഈ സർക്കുലറും. വിവാദമായ ഈ സർക്കുലർ പിൻവലിച്ചില്ലായെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ മഹേഷ്‌, ജനറൽ സെക്രട്ടറി ജയൻ ചാലിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *