സർവ്വകലാശാലകളിൽ ശമ്പളവും പെൻഷനും മുടങ്ങി1 min read

 

തിരുവനന്തപുരം :കേരളത്തിലെ സർവകലാശാലകളിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും പെൻഷനും മുടങ്ങി. എല്ലാ സർവ്വകലാശാലകളുടെയും ശമ്പളവും പെൻഷനും ഒന്നിച്ചു മുടങ്ങുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ രണ്ട് വർഷമായി കുസാറ്റ് ഒഴികെയുള്ള സർവ്വകലാശാലകളിൽ ട്രഷറി വഴിയാണ് ശമ്പളവും പെൻഷനും നൽകുന്നത്. കണ്ണൂരിൽ സർക്കാർ ഗ്രാന്റ് തടഞ്ഞുവെങ്കിലും കുറച്ചു ജീവനക്കാർ മാത്രമുള്ള കണ്ണൂരിൽ പെൻഷൻ ഫണ്ടിൽ നിന്നും പെൻഷൻ അനുവദിച്ചു.

കേരള,കുസാറ്റ്, സർവകലാശാലകൾ സർക്കാരിന്റെ പ്രതിമാസ ഗ്രാന്റ് ലഭിക്കാത്തതിനാൽ അവരുടെ സ്വന്തം ഫണ്ടിൽ നിന്ന് ഈ മാസം ജീവനക്കാരുടെ ശമ്പളം നൽകുകയായിരുന്നു.പെൻഷൻ നൽകിയില്ല. സംസ്കൃത, വെറ്റിനറി,മലയാളം, കലാമണ്ഡലം സർവ്വകലാശാലകളിൽ കഴിഞ്ഞ മൂന്ന് മാസമായി കൃത്യമായി ശമ്പളവും പെൻഷനും ലഭിക്കുന്നില്ല.അവിടെ ഈ മാസവും തൽസ്ഥിതി തുടരുകയാണ്.

കൃത്യമായി ശമ്പളവും പെൻഷനും ലഭിച്ചുകൊണ്ടിരുന്ന ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള കേരള,എംജി, കാലിക്കറ്റ്,, കാർഷിക സർവകലാശാലകളിലാണ് ഗ്രാന്റ് തടഞ്ഞത് കൊണ്ട്‌ ശമ്പളവും പെൻഷനും മുടങ്ങിയത്.

സർവകലാശാലയുടെ പദ്ധതി, പദ്ധതിയേതര ഫണ്ടും, യുജിസി ഗ്രാൻറ്റും കഴിഞ്ഞവർഷം മുതൽ പൂർണ്ണമായും ട്രഷറിയിലേക്ക് മാറ്റിയിരുന്നു. യൂണിവേഴ്സിറ്റി ഫണ്ട് സർക്കാർ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചതാണ് ഇപ്പോൾ ശമ്പളവും പെൻഷനും മുടങ്ങാൻ കാരണമായത്.

പെൻഷൻ ഫണ്ടിനു വേണ്ടി കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത് കേരള സർവകലാശാല നീക്കിവെച്ചിരുന്ന 500 കോടി രൂപയും കഴിഞ്ഞവർഷം സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവ്വകലാശാല ട്രഷറിയിലേക്ക് മാറ്റിയിരുന്നു.

UGC വിവിധ പ്രൊജക്ടുകൾക്ക് അനുവദിച്ചിരുന്ന ഫണ്ട്‌ ട്രെഷറിയിലേയ്ക്ക് മാറ്റിയതോടെ, സമയ ബന്ധിതമായി പ്രൊജക്ടുകൾ പൂർത്തിയാക്കാനാകില്ലെന്നതിനാൽ അധ്യാപകർ പ്രൊജക്ടുകൾ ഉപേക്ഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *