ഫാങ്കോ മുളയ്ക്കൽ രാജിവച്ചു1 min read

1/6/23

ഡൽഹി :കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി വെറുതെ വിട്ട ഫ്രാങ്കോ മുളയ്ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനം രാജിവെച്ചു.വത്തിക്കാൻ രാജി ചോദിച്ചു വാങ്ങിയതാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രാജി മാർപാപ്പ സ്വീകരിച്ചു.

ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയക്കല്‍ പറഞ്ഞു. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്.

അതേസമയം സഹനങ്ങളും താനൊഴുക്കിയ കണ്ണീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും കാരണമാകട്ടേയെന്ന് ഫ്രാങ്കോ വീഡിയോ സന്ദേശത്തില്‍ പ്രതികരിച്ചു. തനിക്കൊപ്പം നിന്നവരോട് ഫ്രാങ്കോ മുളയ്ക്കല്‍ നന്ദി പറഞ്ഞു.

‘എന്റെ അധികാരികളുമായി ചര്‍ച്ചചെയ്ത് പ്രാര്‍ഥിച്ച ശേഷം ജലന്ധര്‍ ബിഷപ്പ് പദവിയില്‍ നിന്ന് ഞാൻ രാജിവെക്കുന്നതായി എഴുതിയ കത്ത് ഫ്രാൻസിസ് മാര്‍പ്പാപ്പ സ്വീകരിച്ചിരിക്കുന്നു. ഈ വിവരം സന്തോഷത്തോടും നന്ദിയോടും കൂടെ നിങ്ങളെ അറിയിക്കട്ടെ. കഴിഞ്ഞകാലമത്രയും പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ച ഉപദ്രവങ്ങളും അത് സമ്മാനിച്ച വിഷമങ്ങളും ക്രൂശിതനായ കര്‍ത്താവിന്റെ കുരിശിൻ ചുവട്ടില്‍ സമര്‍പ്പിച്ചുകൊണ്ട് എന്നെ സ്നേഹിച്ചവരോടും എനിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടും വേദനകളില്‍ പങ്കുചേര്‍ന്നവരോടും കരുതലായി കൂടെ നിന്നവരോടും ആത്മാര്‍ഥമായി നന്ദിപറയുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’, ഫ്രാങ്കോ മുളയ്ക്കല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

‘നമ്മുടെ സഹനങ്ങളും വേദനകളും സര്‍വശക്തനുമുന്നില്‍ മാത്രം ഞാനൊഴുക്കിയ കണ്ണുനീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും എന്റെ തന്നെ വിശുദ്ധീകരണത്തിനും ദൈവമഹത്വത്തിനും കാരണമാവട്ടെ. എന്റെ തുടര്‍ന്നുള്ള പ്രാര്‍ഥനകളിലും ബലിയര്‍പ്പണങ്ങളിലും മറ്റ് ശ്രുശൂഷകളിലും നിങ്ങളും എന്നോടൊപ്പം ഉണ്ടാകും എന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം ഫ്രാങ്കോ പിതാവ്. ദൈവത്തിന് സ്തുതി’, ഫ്രാങ്കോ പറഞ്ഞു.

നേരത്തേ, ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ രാജി വത്തിക്കാൻ അംഗീകരിച്ചതായി വ്യാഴാഴ്ചയാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടുമെന്നും വത്തിക്കാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *