കണ്ണൂര്‍: കണ്ടാല്‍ യഥാര്‍ത്ഥ സ്വര്‍ണമെന്ന് തോന്നിക്കും വിധത്തില്‍ പുതിയ തട്ടിപ്പ്. തൂക്കി നോക്കിയാലും മെഷീൻ ഉപയോഗിച്ച് നോക്കിയാലും അത്ര പെട്ടെന്ന് വ്യാജനാണെന്ന് തിരിച്ചറിയില്ല.
916-ല്‍ പുറമേ തീര്‍ക്കുന്ന ഇത്തരം സ്വര്‍ണങ്ങളില്‍ ഉള്ളില്‍ നിറയ്ക്കുന്നത് മെഴുക് അഥവാ വാക്സ് ആണ്. തൂക്കം കിട്ടുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഫൊറൻസിക് ലാബുകളിലെ പരിശോധനയിലാണ് ഇത്തരത്തില്‍ വ്യാജനെ കണ്ടെത്തിയത്. സ്വര്‍ണത്തിന് തൂക്കം ലഭിക്കുന്നതിന് വേണ്ടി ചെമ്പ് മുതല്‍ മെഴുകുവരെ ഉപയോഗിച്ചുള്ള കബളിപ്പിക്കലാണ് അനുദിനം വര്‍ദ്ധിച്ചു വരുന്നത്.
മൂന്ന് പവൻ തൂക്കം വരുന്ന മാല പണയം വെച്ച് ബാങ്കില്‍ നിന്നും പരമാവധി തുക കൈക്കലാക്കിയ ശേഷം കാലാവധി കഴിഞ്ഞെങ്കിലും ഉടമ സ്വര്‍ണം തിരിച്ചെടുക്കാൻ വരാത്തത് സംശയമുണ്ടാക്കി. തുടര്‍ന്ന് ഫൊറൻസിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പവൻ സ്വര്‍ണമെന്ന വ്യാജേന പണയം വെച്ച മാലയില്‍ രണ്ട് പവൻ തൂക്കവും മെഴുകാണെന്ന് തെളിയുന്നത്. ഇത്തരത്തില്‍ നിരവധി കേസുകളാണ് അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഡിസൈനുകളിലാണ് ഇപ്പോള്‍ വിപണിയില്‍ വാക്സ് ഗോള്‍ഡ് ലഭ്യമാകുന്നത്. 916 സ്വര്‍ണത്തില്‍ പണി കഴിപ്പിച്ച സ്വര്ണത്തിനുള്ളില് മെഴുകാണെന്ന് മാത്രം. ബാങ്കുകളില്‍ വ്യാജ സ്വര്‍ണം കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുണ്ടെങ്കിലും ഈ രീതികളിലെ സ്വര്‍ണം തിരിച്ചറിയുന്നതിന് അവ അത്ര പര്യാപ്തമല്ല. ഉള്ളില്‍ ചെമ്പ് വെച്ച് മുകളില്‍ സ്വര്‍ണത്തകിട് വെച്ച് നിര്‍മിക്കുന്നവയും വിപണിയില്‍ സുലഭമാണ്. ഇത് കാരറ്റ് അനലൈസര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് കണ്ടെത്തിയാലും പിടിക്കാൻ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.