26/10/22
തിരുവനന്തപുരം :ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ഗവർണർ.ഈ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കെ.എന്‍ ബാലഗോപാല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അത്യപ്തിയെന്ന് കണിച്ചായിരുന്നു ഗവര്‍ണറുടെ കത്ത്. കെ എന്‍ ബാലഗോപാലിന്റെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്. ബാലഗോപാലിന്മേലുള്ള പ്രീതി നഷ്ടമായെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കത്ത് താൻ കണ്ടിട്ടില്ല, മുഖ്യമന്ത്രിയും, ഗവർണരും തമ്മിലുള്ള കത്തിടപാടാണ് നടന്നത്. കാര്യങ്ങൾ മുഖ്യമന്ത്രി പറയട്ടെയെന്ന് ബാലഗോപാൽ പ്രതികരിച്ചു.
ഗവർണറുടെ ആവശ്യത്തെ പരിഹസിച്ചു കൊണ്ട് ഭരണ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ അധികാരത്തിൽ ഉൾപ്പെടുന്ന വിഷയത്തിൽ ഗവർണർക്ക് ഇടപെടാൻ കഴിയില്ലെന്ന് മുൻ മന്ത്രി ബാലൻ പറഞ്ഞു. ഗവർണറുടെ ആവശ്യത്തെ ചായകോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് കാനം വിശേഷിപ്പിച്ചത്. മന്ത്രിമാരെ നിയമിക്കാനും, പുറത്താക്കാനുമുള്ള അധികാരം മുഖ്യമന്ത്രിക്ക് മാത്രമാണ്. ഗവർണർക്ക് കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കാനം പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന് വി ഡി സതീശൻ പ്രതികരിച്ചു. സർക്കാരിനെ രക്ഷിക്കാൻ ഗവർണർ ശ്രമിക്കുന്നു. അർഹിക്കുന്ന അവജ്ഞയോടെ സർക്കാർ തള്ളണമെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം ഗവര്‍ണറുടെ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറോട് ഉടന്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.എന്‍ ബാല ഗോപാലും അറിയിച്ചു.
ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളെ മനസിലാക്കുക പ്രയാസകരമാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പ് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പ് സമയത്തെ സംഭവമാണ് ബാലഗോപാല്‍ പരാമര്‍ശിച്ചത്.