1/8/23
ഹരിയാന :ഹരിയാനയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര ആള്‍ക്കൂട്ടം തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാരുൾപ്പെടെ 3പേർ കൊല്ലപ്പെട്ടു.
പൊലീസിലെ രണ്ടു ഹോം ഗാര്‍ഡുകളും, ഒരു നാട്ടുകാരനുമാണ് മരിച്ചത്. പത്തിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുഗ്രാമിന് സമീപം നൂഹിലാണ് സംഘര്‍ഷമുണ്ടായത്.
അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസ് നടപടിയില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രശ്‌നം രൂക്ഷമായതോടെ ആരാധനാലയത്തില്‍ 2500 ഓളം പേര്‍ അഭയം പ്രാപിച്ചു. അവരെ പിന്നീട് രക്ഷപ്പെടുത്തി.
ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ വെച്ച് മതപരമായ ഘോഷയാത്ര ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നു. ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.