നിയമത്തിൽ പറഞ്ഞിട്ടില്ലെന്ന പേരിൽ മാതാപിതാക്കൾക്ക് ജീവനാംശം നിഷേധിക്കാൻ പാടില്ല :ഹൈക്കോടതി1 min read

കൊച്ചി :നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരില്‍ മുന്‍കാല പ്രാബല്യത്തോടെ  മാതാപിതാക്കൾക്ക് ജീവിതച്ചെലവു നല്‍കുന്നതു നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി.

മക്കളില്‍നിന്നു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി മലപ്പുറം കുടുംബക്കോടതി തള്ളിയതിനെതിരെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട, 80 വയസ്സു കടന്ന പിതാവു നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നു വിലയിരുത്തിയായിരുന്നു കുടുംബക്കോടതി ഹര്‍ജി തള്ളിയത്. ക്രിസ്ത്യന്‍ വിവാഹനിയമത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള ജീവനാംശത്തിന്റെ കാര്യം പോലും പറയുന്നില്ല. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും ജീവനാംശത്തിന്റെ കാര്യത്തില്‍ മുന്‍കാല പ്രാബല്യം പറയുന്നില്ല.
എന്നാല്‍, സമൂഹം പിന്തുടരുന്ന ആചാരരീതികളുടെയും പാരമ്ബര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലാണു നിയമതത്വങ്ങള്‍ രൂപപ്പെടുന്നതെന്നും ഇവിടെ കക്ഷികള്‍ പിന്തുടരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക ജീവിതക്രമം പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭാവി ജീവിതത്തിനുള്ള ചെലവു ക്ലെയിം ചെയ്യാന്‍ നിയമപ്രകാരം സാധ്യമാണെങ്കില്‍ മുന്‍കാല ജീവിതത്തിന്റെ ചെലവ് ക്ലെയിം ചെയ്യുന്നതും നിഷേധിക്കാനാവില്ല. തങ്ങളുടെ ആവശ്യങ്ങളെല്ലാം മക്കള്‍ നിറവേറ്റുമെന്ന വിശ്വാസത്തില്‍ ആത്മാഭിമാനമുള്ള മാതാപിതാക്കള്‍ കോടതിയെ സമീപിക്കാന്‍ മടിക്കും. ഇങ്ങനെ മക്കളോടു ക്ഷമയും ആദരവും കാണിച്ചിട്ടുണ്ടെങ്കില്‍ അതു മുതലെടുത്ത് മുന്‍കാല ക്ലെയിം നിഷേധിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *