14/9/22
കൊച്ചി :തെരുവ് നായകളെ ജനങ്ങൾ അടിച്ചു കൊല്ലേണ്ടെന്ന് ഹൈക്കോടതി.ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവ്നായ ആക്രമണങ്ങളില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. അക്രമകാരികളായ നായ്‌ക്കളെ കണ്ടെത്തിയാല്‍ അവയെ മാറ്റിപ്പാര്‍പ്പിക്കണം. നായ്‌ക്കളുടെ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുളള ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയ്‌ക്ക് സമീപം ഏരൂരില്‍ തെരുവ് നായ്‌ക്കളെ വിഷംകൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയ്‌ക്ക് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ചത്തനിലയില്‍ കണ്ടെത്തിയ അഞ്ച് നായ്‌ക്കളുടെ ആന്തരികാവയവങ്ങള്‍ കാക്കനാട് റീജണല്‍ ലാബില്‍ പരിശോധിക്കും. ഇതിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകും.
ഇതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ്‌നായ ആക്രമണം തുടരുകയാണ്. തലസ്ഥാനത്ത് നാഷണല്‍ ക്ലബ്ജീവനക്കാരനായ ശ്രീനിവാസനെ തെരുവുനായ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. സ്റ്റാച്യു ഊറ്റുകുഴിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ശ്രീനിവാസനെ നായ പുറകേയെത്തി കാലില്‍ കടിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.